പത്തനാപുരം അങ്ങാടി റോഡ് നിര്‍മ്മാണം പൂർത്തിയാകാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
കൊല്ലം: ശബരിമല റോഡ് നിർമ്മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കൊല്ലം പത്തനാപുരത്ത് എത്തിയ മന്ത്രി റോഡിന്‍റെ അറ്റകുറ്റപ്പണി വൈകുന്നതിൽ ഉദ്യോഗസ്ഥരെ ശകാരിച്ചു. പത്തനാപുരം അങ്ങാടി റോഡ് നിര്‍മ്മാണം പൂർത്തിയാകാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമലയിലേക്കുള്ള 19 റോഡുകളിൽ 16 എണ്ണത്തിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയായതായും മന്ത്രി അവകാശപ്പെട്ടു.
ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന കൊല്ലം , പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകളിലാണ് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം നേരിട്ട് പരിശോധനക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. റോഡുകളുടെ നിലവിലെ അവസ്ഥ, പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ പുരോഗതി തുടങ്ങിയവയാണ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇന്ന് ഉച്ചയോടെ കൊല്ലം ജില്ലയില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. കോന്നി, റാന്നി മണ്ഡലങ്ങളിലെ റോഡ് പരിശോധനയും നടന്നു. ഈ പരിശോധനക്കിടയിലാണ് കൊല്ലം പത്തനാപുരത്ത് എത്തിയ മന്ത്രി റോഡിന്‍റെ അറ്റകുറ്റപ്പണി വൈകുന്നതിൽ ഉദ്യോഗസ്ഥരെ ശകാരിച്ചത്.
നാളെ എരുമേലി, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ , തിരുവല്ല , അടൂര്‍ , ആറന്മുള എന്നീ മണ്ഡലങ്ങളിലാകും മന്ത്രിയുടെ പരിശോധന. പരിശോധന പൂർത്തിയായാൽ ശബരിമല റോഡിന്‍റെ അവസ്ഥ സംബന്ധിച്ച് പത്തനംതിട്ടയില്‍ അവലോകന യോഗവും മന്ത്രിയുടെ നേതൃത്വത്തിൽ ചേരും. നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗം റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിച്ച് നല്‍കിയിരുന്നു. ആ സമയക്രമത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയായോ എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധന. കോന്നി, റാന്നി, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി ഉദ്ഘാടനവും , പൂര്‍ത്തീകരണ ഉദ്ഘാടനവും ഇതിന്‍റെ ഭാഗമായി നടക്കും. നവീകരിച്ച എരുമേലി റസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
