പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ദിയയുടെ ക്യുആർ കോഡിന് പകരം ജീവനക്കാരുടെ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടുകളിലേക്ക് മാറ്റിയത്
തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ. ഇന്നലെ കീഴടങ്ങിയ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ദിയയുടെ ക്യു ആർ കോഡിന് പകരം ജീവനക്കാർ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ചാണ് പണം അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്.
കേസിൽ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. നിലവിൽ വിനീതയയും രാധാകുമാരിയും റിമാൻഡിലാണ്. ഇന്നലെ ഹാജരായെങ്കിലും അന്വേഷണവുമായി പ്രതികൾ പൂർണമായും സഹകരിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി പൊലീസ് അപേക്ഷ നൽകും. കേസിലെ മറ്റൊരു പ്രതിയായ ദിവ്യയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.


