മലപ്പുറം: മലപ്പുറം നന്നമുക്കിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മധ്യവയസ്ക്കൻ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കർ ആണ് മരിച്ചത്. 12 ദിവസം മുമ്പായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്.  സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് ഉയരുകയാണ്. 

നേരത്തെ ദുബായില്‍ നിന്നും കൊവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശിയായ 29 വയസുകാരൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. ചികിത്സക്ക് ശേഷം രോഗം ഭേദമായാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്.പിന്നീട് വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. 

മലപ്പുറം ജില്ലയില്‍ 89 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.