Asianet News MalayalamAsianet News Malayalam

കോഴിക്കോട് കരിങ്കൽ ക്വാറികൾ വീണ്ടും സജീവം; ഏറെയും ദുരന്തസാധ്യതമേഖലയില്‍

 കോഴിക്കോട്ടെ കാരശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി, പനങ്ങാട് പഞ്ചായത്തുകളിലാണ് ഖനനം വ്യാപകമായി നടത്തുന്നത്. 

quarries re-activated in kozhikode
Author
Kozhikode, First Published Sep 6, 2019, 9:58 AM IST

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ നടക്കം മാറും മുമ്പേ കോഴിക്കോട് ജില്ലയിലെ പ്രകൃതി ദുരന്ത സാധ്യത മേഖലകളില്‍ വീണ്ടും കരിങ്കല്‍ ക്വാറികള്‍ സജീവമായി. കാരശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി, പനങ്ങാട് പഞ്ചായത്തുകളിലാണ് ഖനനം വ്യാപകമായി നടത്തുന്നത്. 

ഇക്കുറി കനത്ത മഴയില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയ പ്രദേശമാണ് മുക്കം തോട്ടക്കാട്ടെ മൈസൂര്‍പറ്റയിലെ പൈക്കാടന്‍മല. ഇവിടെയുളള കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് സിഡബ്ള്യുആര്‍ഡിഎമ്മിലെ വിദഗ്‍ധർ ഉള്‍പ്പെടുന്ന സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടേയുളളൂ. അതിനിടയിലാണ് പൈക്കാടന്‍ മലയിലെ കരിങ്കല്‍ ക്വാറികള്‍ സജീവമാകുന്നത്.

പൈക്കാടന്‍ മലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ച് കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. മലയില്‍ പാതിയും പൊട്ടിച്ചുനീക്കി കഴിഞ്ഞു. ഈ മലയടങ്ങുന്ന കുമാരനല്ലൂര്‍, കോടിയത്തൂര്‍ വില്ലേജുകളില്‍ 15ലധികം പാറമടകളാണ് ഉള്ളത്. ദുരന്തത്തെത്തുടര്‍ന്ന് ക്വാറികള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിരോധന ഉത്തരവ് പിന്‍വലിച്ചതോടെ ഇവയെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങി. സോയില്‍ പൈപ്പിംഗ് സംബന്ധിച്ച് വിശദമായ പഠനം വേണമെന്ന നിര്‍ദ്ദശം പോലും നടപ്പാക്കും മുമ്പെയാണ് ക്വാറി മാഫിയ ഈ മല തുരന്ന് തീര്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ ബാലുശേരിക്കടുത്ത് കാന്തലാട് വില്ലേജിലെ മങ്കയത്തും ഖനനം തകൃതിയാണ്. പേരാമ്പ്ര ചെങ്ങരോത്തെ മുടിയന്‍ കുന്ന് മലയുടെ സ്ഥിതിയും ഇതുതന്നെ. ദുരിതാശ്വാസ ക്യാമ്പില്‍ തിരിച്ചെത്തിയ മുടിയന്‍ കുന്നിലെ ആളുകള്‍ ഇപ്പോള്‍ പാറമടക്കെതിരെ പ്രക്ഷോപത്തിനൊരുങ്ങുകയാണ്.

ജില്ലയില്‍ 40 ലധികം ക്വാറികളാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതില്‍ 25 ഉം ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലാണ്. നേരത്തെ ലൈസന്‍സുള്ള ക്വാറികള്‍ മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളുവെന്നാണ് ജില്ലാ കളക്ടര്‍ ശ്രീറാം സാമ്പശിവ റാവുവിന്‍റെ വിശദീകരണം. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ദുരന്തസാധ്യതയുള്ള പ്രദേശത്താണെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും കളക്ടര്‍ വിശദീകരിക്കുന്നു. 

അതേസമയം, പുതിയ ക്വാറികള്‍ക്കായി 30 ലധികം അപേക്ഷകളാണ് വിവിധ വകുപ്പുകളുടെ മുന്നിലുളളത്. പല അപേക്ഷകളുമെത്തിയത് ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്ക് ശേഷമാണ്.

Follow Us:
Download App:
  • android
  • ios