1990 മുതല്‍ 20015 വരെ 25 വർഷം കൂടരഞ്ഞി വില്ലേജില്‍ താമരശേരി രൂപതയ്ക്ക് കീഴിലെ പുഷ്പഗിരി ലിറ്റില്‍ ഫ്ലവർ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ക്വാറി പ്രവർത്തിച്ചെന്നാണ് പരാതി.
കോഴിക്കോട്: താമരശേരി രൂപതയുടെ കീഴിലെ പള്ളിയുടെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവർത്തിച്ച ക്വാറിക്കെതിരെ (Quarry) വന്‍തുക പിഴയീടാക്കാനൊരുങ്ങി ജിയോളജി വകുപ്പ് (Geology Department). കൂടരഞ്ഞിയില്‍ 2015 വരെ നിയമംലംഘിച്ച് പ്രവർത്തിച്ച ക്വാറിക്കെതിരെയാണ് ഹൈക്കോടതി നിർദേശ പ്രകാരം നടപടിക്കൊരുങ്ങുന്നത്. കാത്തലിക് ലേമെന്‍ അസോസിയേഷന്‍ നല്‍കിയ പൊതുല്‍പര്യ ഹര്‍ജ്ജിയിലാണ് രണ്ടുമാസത്തിനകം നടപടികള്‍ പൂർത്തിയാക്കാന്‍ ഹൈക്കോടതി നിർദേശം നല്‍കിയത്.
1990 മുതല്‍ 20015 വരെ 25 വർഷം കൂടരഞ്ഞി വില്ലേജില്‍ താമരശേരി രൂപതയ്ക്ക് കീഴിലെ പുഷ്പഗിരി ലിറ്റില്‍ ഫ്ലവർ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ക്വാറി പ്രവർത്തിച്ചെന്നാണ് പരാതി. 2002മുതല്‍ 2010വരെ മാത്രമാണ് ക്വാറിക്ക് പ്രവർത്തിക്കാന്‍ അധികൃതർ അനുമതി നല്‍കിയത്. അതും ഒരേക്കര്‍ ഭൂമിയില്‍ 23.75 സെന്‍റിന് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. ബാക്കി കാലമത്രയും ക്വാറി നിയമവിരുദ്ദമായാണ് പ്രവർത്തിച്ചതെന്നും റവന്യൂ വകുപ്പിന്‍റെ പരിശോധനയില്‍ വ്യക്തമായി.
ക്വാറിയില്‍നിന്ന് പരിധി ലംഘിച്ച് പൊട്ടിച്ച് കടത്തിയ കല്ലിന്‍റെ അളവ് കണക്കാക്കി പിഴയീടാക്കുമെന്നാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് ഹൈക്കോടതിയെ അറിയിച്ചത്. 2015 ലെ മൈനർ മിനറല്‍ കൺസെഷന്‍ നിയമമനുസരിച്ച് അനധികൃതമായി ക്വാറിയില്‍നിന്നും കല്ലെടുത്താല്‍ ക്യുബിക് മീറ്ററിന് എൺപത് രൂപയും പിഴയുമാണ് ഈടാക്കുക. ക്വാറിക്ക് ലൈസന്‍സില്ലെന്ന് കാട്ടി 2018 ല്‍ കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ജില്ലാകളക്ടറെ സമീപിച്ചത്. പരാതിയില്‍ നടപടി വൈകിയതിനെതുടർന്നാണ് സംഘടന പൊതുതാല്‍പര്യ ഹർജിയുമായി 2019ല്‍ ഹൈകോടതിയിലെത്തിയത്.
കഴിഞ്ഞമാസം 25ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുൾപ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് രണ്ട് മാസത്തിനകം പരാതിയില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. അതേസമയം അനുമതി ലഭിച്ച കാലയളവില്‍ മാത്രമാണ് ക്വാറി പ്രവർത്തിച്ചതെന്നും, മേല്‍കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും പുഷ്പഗിരി ലിററില്‍ ഫ്ലവർ പളളി വികാരിയായിരുന്ന ഫാ. മാത്യൂസ് തകടിയേല്‍ പ്രതികരിച്ചു.
രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം: തലയോട്ടി പൊട്ടി രണ്ട് വയസുകാരി കോലഞ്ചേരി ആശുപത്രിയിലെ വെൻ്റിലേറ്ററിൽ
തൃക്കാക്കര: രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനത്തിൽ സാരമായി പരിക്കേറ്റ രണ്ട് വയസുകാരി ഗുരുതരാവസ്ഥയിൽ. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി എന്നാൽ കുഞ്ഞിനെ മർദ്ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞു.
ഇതോടെ ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. ഇതോടെയാണ് രണ്ടാനാച്ഛനാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന് വ്യക്തമായത്. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയൽവാസികളുടെ മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പൊലീസ് പറയുന്നു. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടർമാർ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രാത്രിയിൽ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏൽപ്പിച്ച പരിക്കാണ് എന്നാണ് അമ്മ നൽകുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോൾ പൊള്ളിയെന്നാണ് അവർ പറയുന്നത്.
