ഇടുക്കി: ജിയോളജി വകുപ്പിന്‍റെ സ്‍റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപിച്ച് ഇടുക്കി വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന് ഇരുകുട്ടിയിൽ  അനധികൃത ക്വാറി, ടണ്‍ കണക്കിന് പാറ പൊട്ടിച്ച് കടത്തുന്നു. സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടും കുഴിക്കാട്ടിൽ ഗ്രാനൈറ്റ്സ്  എന്ന കമ്പനിയുടെ പാറ പൊട്ടിക്കൽ നിര്‍ബാധം തുടരുകയാണ്. വനത്തിൽ നിന്ന് ഒരു കിലോ മീറ്റർ പോലും തികച്ചില്ല ഈ പാറമടയിലേക്ക്. കോടതി ഉത്തരവിനും സ്റ്റോപ്പ് മെമ്മോക്കും പുല്ലുവില നൽകി ദിവസം നൂറിലധികം ലോഡ് പാറയാണ് പൊട്ടിച്ച് കടത്തുന്നത്.

സുപ്രീംകോടതി ഉത്തരവിനും  വന്യജീവി സങ്കേതത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവിൽ ഖനനത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിനും ഇവിടെ വിലയില്ല. സുപ്രീംകോടതിയുടെ നിർദ്ദേശത്തിന് പിന്നാലെ ഇടുക്കി വന്യജീവി സങ്കേതത്തിനടുത്തെ പാറമടയ്ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ചതിന് ക്വാറി ഉടമക്കെതിരെ നടപടിയെടുക്കാൻ രണ്ട് തവണയാണ് പൊലീസിനോടും വില്ലേജ് ഓഫീസറോടും ജിയോളജി വകുപ്പ് ആവശ്യപ്പെട്ടത്. 

എന്നാൽ പാറപൊട്ടിക്കുന്നില്ലെന്ന മറുപടിയാണ് ഇരുവരും കൊടുത്തത്. ക്വാറി ഉടമക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് സിപിഎം നേതാക്കളാണെന്നാണ് നാട്ടുകാരുടെ ആരോപണം. സ്റ്റോപ്പ് മെമ്മോയിലൊന്നും വലിയ കാര്യം ഇല്ല. ക്വാറി നടക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. നടത്തിപ്പിന് വേണ്ടി ആരെയെങ്കിലും ഭീഷണിപ്പെടുത്തി എന്നൊക്കെ പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗമായ സി വി വര്‍ഗീസിന്‍റെ മറുപടി.