കാണികളില്‍ നിന്ന് ചോദ്യമുയര്‍ത്തിയ പൊതുപ്രവര്‍ത്തകന്‍ മുണ്ടേല ബഷീർ കെഎസ്ആര്‍ടിസിയെ നന്നാക്കിയെടുത്തു കൂടെയെന്നായിരുന്നു ചോദിച്ചത്.

തിരുവനന്തപുരം: അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളാല്‍ സജീവമായിരുന്നു കെ റെയില്‍ (K Rail) സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ (Silverline) സംവാദം. സംവാദത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ ആര്‍വിജി മേനോന്‍ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ചു. എന്നാല്‍ സിൽവർ ലൈൻ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നായിരുന്നു മറ്റ് പാനലിസ്റ്റുകൾ വാദിച്ചത്. സംവാദത്തില്‍ കാണികളില്‍ നിന്നും ചോദ്യമുയര്‍ന്നു. ആദ്യം കെഎസ്ആര്‍ടിസിയെ നന്നാക്കിക്കൂടെ എന്നായിരുന്നു പൊതുപ്രവര്‍ത്തകന്‍ മുണ്ടേല ബഷീർ ചോദിച്ചത്. ചോദ്യത്തിന് കെ റെയിൽ എംഡ‍ി മറുപടി പറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ചോദ്യത്തിന് മറുപടി പറയാതെ ചര്‍ച്ച തുടരുകയായിരുന്നു. 

"കെ റെയില്‍ എന്നത് ഒരു കോര്‍പ്പറേഷനാണ്, പൊതുഗതാഗത്തിന് വേണ്ടിയുള്ളതാണ്. നിലവില്‍ നമുക്കൊരു കോര്‍പ്പറേഷനുണ്ട്, കെഎസ്ആര്‍ടിസി. അതിന്‍റെ സ്ഥിതിയെന്താണ്? അത് മെച്ചപ്പെടുത്താന്‍ നമുക്കൊരു വഴി കണ്ടുകൂടെ. ഉള്ളതിനെ മെച്ചപ്പെടുത്തുക. അതിന്‍റെ പരമാവധി പ്രയോജനം എടുക്കുക. അതില്‍ നിന്ന് പരമാവധി നേട്ടം കൊയ്യുക. അതൊരു സാധാരണ എക്കണോമിക്സാണ്". അങ്ങനെ വരുമ്പോള്‍ കെ റെയില്‍ അധികപ്പറ്റല്ലേ എന്നായിരുന്നു മുണ്ടേല ബഷീറിന്‍റെ ചോദ്യം.