ക്ഷീണിതനായി വീട്ടിലെത്തിയ ഇർഫാൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. പിന്നീട് ശക്തമായ ഛർദ്ദിയുമുണ്ടായി.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിൽ ദുരുഹസാഹചര്യത്തിൽ മരിച്ച ഇർഫാന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയ സുഹൃത്തിനെയാണ് ചോദ്യം ചെയ്യുന്നത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ റജുല പരാതിപ്പെട്ടിരുന്നു. സുഹൃത്തുക്കൾ എന്തോ മണപ്പിച്ചു എന്നും അതിന് ശേഷമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതെന്നും മരിക്കും മുന്നേ മകൻ പറഞ്ഞെന്ന് വ്യക്തമാക്കി ഇർഫാന്‍റെ ഉമ്മ റജില പരാതിയുമായി രംഗത്തെത്തിയതോടെയാണ് മരണത്തിൽ സംശയങ്ങൾ കൂടിയത്. അമിത അളവിൽ മയക്കുമരുന്നു നൽകിയെന്നാണ് ഉമ്മ റജിലയുടെ പരാതി.
ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയതെന്ന് ഉമ്മ റജുല പറയുന്നു. ഒരു മണിക്കൂറിന് ശേഷം വൈകീട്ട് ഏഴുമണിയോടെ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞെന്നും റജിലയുടെ പരാതിയിൽ പറയുന്നു. ക്ഷീണിതനായി വീട്ടിലെത്തിയ ഇർഫാൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. പിന്നീട് ശക്തമായ ഛർദ്ദിയുമുണ്ടായി.
ഇതോടെ ഇർഫാനെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. വീട്ടിൽ എത്തിയെങ്കിലും ഇര്‍ഫാന്‍റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാൻ മരിച്ചു. മകന്‍റെ മരണത്തിന് കാരണമെന്താണെന്ന് അറിയണമെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഉമ്മ റജുല ആവശ്യപ്പെട്ടു.
പതിനേഴുകാരന്റെ മരണം; അമിത അളവില്‍ മയക്കുമരുന്ന് നൽകിയതാണ് കാരണമെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്
