കൊച്ചി: ടെലിമെഡിസിൻ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ക്വിക് ഡോക്ടർ കമ്പനി. സർക്കാരുമായി ക്വിക് ഡോക്ടർ പ്രവർത്തിക്കുന്നതെന്നും തങ്ങൾക്ക് സ്പ്രിംഗ്ളറുമായി യാതൊരു ബന്ധവുമില്ലെന്നും സഹായിക്കാൻ വേണ്ടി ചെയ്ത കാര്യം ഇപ്പോൾ കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ നാശത്തിന് വഴിയൊരുക്കുന്ന വിവാദമായി മാറുകയാണെന്നും ക്വിക് ഡോക്ടർ കമ്പനി ഉടമകളിലൊരാളായ സഫിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"

വിഡി സതീശൻ എംഎൽഎയാണ് കഴിഞ്ഞ ദിവസം ടെലിമെഡിസിൻ പദ്ധതിക്കെതിരെ രംഗത്ത് എത്തിയത്. ക്വിക് ഡോക്ടർ കമ്പനിയുമായി സഹകരിച്ചാണ് സർക്കാർ ഈ സംവിധാനം കൊണ്ടു വന്നത്. ഈ കമ്പനി സ്പ്രിംഗ്ളറിൻ്റെ ബിനാമിയാണെന്ന് സംശയിക്കുന്നതായും സർക്കാർ ഈ കമ്പനിയുമായി സഹകരിച്ച ശേഷമാണ് കമ്പനി സ്വന്തമായി ഒരു വെബ്സൈറ്റ് രൂപീകരിച്ചതെന്നും കമ്പനിയുടെ ഡയറക്ടർ ബോർഡിലൊരാൾ ഓട്ടോ ഡ്രൈവറാണെന്നും വിഡി സതീശൻ ആരോപിച്ചിരുന്നു. കമ്പനിയുടെ വെബ് സൈറ്റ് പരിശോധിച്ചതിൽ ഇവർക്ക് ഈ രംഗത്ത് മുൻപരിചയമില്ലെന്നാണ് മനസിലാക്കുന്നതെന്നും സതീശൻ ആരോപിച്ചിരുന്നു. 

ഈ ആരോപണത്തിന് മറുപടിയുമായാണ് ക്വിക് ഡോക്ടർ കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. തങ്ങളുടേത് എളിയ തോതിൽ തുടങ്ങിയ ഒരു സംരംഭമാണെന്നും ഇത്തരം വിവാദങ്ങൾ താങ്ങാനുള്ള ശേഷിയൊന്നും തങ്ങൾക്കില്ലെന്നും സഫിൽ പറയുന്നു. രോഗികളുടെ ഡാറ്റാ തങ്ങൾ സൂക്ഷിക്കുന്നില്ല. വിവര ശേഖരണം സർക്കാർ സർവ്വറിൽ  ആണെന്നും സ്വന്തമായി സർവ്വർ സ്ഥാപിക്കാനുള്ള ശേഷി തങ്ങൾക്കില്ലെന്നും സഫീൽ പറയുന്നു. 

സ്പ്രിക്ളർ കമ്പനിയുമായി തങ്ങളുടെ കമ്പനിക്ക്  യാതൊരു ബന്ധവും ഇല്ല. ഇത്തരം ആരോപണങ്ങൾ സ്റ്റാർട്ട്‌ ആപ്പുകളെ നശിപ്പിക്കുമെന്നും സംസ്ഥാന സർക്കാരിന് തൃപ്തി ഉള്ളത് വരെ സേവനം തുടരുമെന്നും സഫിൽ വ്യക്തമാക്കി.  സൗജന്യമായയാണ് തങ്ങൾ സേവനം നൽകിയത് ഇക്കാര്യത്തിൽ ഒന്നും മറച്ചു വയ്ക്കാനില്ല. നേരായ വഴിയിലൂടെ ആണ് നാളിതുവരെ പോയിട്ടുള്ളതെന്നും സഫീൽ പറയുന്നു. ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ അടക്കം ആപ്പിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.