വയനാട് എസ്.പി കൊവിഡ് പൊസീറ്റിവായതിനെ തുടർന്ന് കോഴിക്കോട് റൂറൽ എസ്.പിക്ക് ജില്ലയുടെ അധിക ചുമതല നൽകിയിരുന്നു. അതാണ് ഇപ്പോൾ വീണ്ടും മാറ്റി നൽകുന്നത്.
കോഴിക്കോട്: ആർ.ആനന്ദ് ഐപിഎസിന് വയനാട് ജില്ലയുടെ അധികചുമതല. വയനാട് എസ്.പി അരവിന്ദ് സുകുമാർ കോവിഡ് ബാധിച്ച് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ആർ.ആനന്ദിന് അധിക ചുമതല നൽകിയത്.
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം പരിഗണിച്ചാണ് ഡിജിപിയുടെ തീരുമാനം. അരവിന്ദ് സുകുമാറിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ കോഴിക്കോട് റൂറൽ എസ്.പി എ.ശ്രീനിവാസന് വയനാട് ജില്ലയുടെ അധിക ചുമതല ഡിജിപി നൽകിയിരുന്നു. എന്നാൽ വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിക്ക് കോഴിക്കോട്ടും സന്ദർശനം ഉള്ളതിനാൽ ശ്രീനിവാസിനെ വയനാടിൻ്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. നിലവിൽ പൊലിസ് ആസ്ഥാനത്തെ എസ്.പിയാണ് ആനന്ദ്.
രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് ജില്ലയിൽ പൊലീസ് അതീവ ജാഗ്രതയിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലും ഈ കർശന ജാഗ്രത പൊലീസ് തുടരും. ഓഫീസ് ആക്രമണത്തിന് പിന്നാലെ കൽപറ്റയിൽ കോണഗ്രസിൻ്റെ വൻറാലി നടന്നിരുന്നു. ഇതിനു മറുപടിയെന്നോണം കഴിഞ്ഞ ദിവസം സിപിഎമ്മും വയനാട്ടിൽ റാലി നടത്തിയിരുന്നു.
അതിനിടെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ എഡിജിപി മനോജ് എബ്രഹാം വയനാട്ടിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത രാഹുലിൻ്റെ കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ചു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചിനും ഇൻ്റലിജൻസിനും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.
ഗാന്ധി ചിത്രം തകർന്നതുൾപ്പടെയുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് എഡിജിപി പറഞ്ഞു. സർക്കാരിന് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ ദേശാഭിമാനിയുടെ ഓഫീസ് ആക്രമണത്തിൽ 7 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
