Asianet News MalayalamAsianet News Malayalam

'നിയമനം നടത്തിയത് സര്‍വ്വകലാശാല', മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആര്‍ ബിന്ദു

പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍  റാങ്ക് പട്ടിക മരവിപ്പിച്ചത്. 

R Bindu reacted to the governor s stay on Priya Varghese s appointment process
Author
Trivandrum, First Published Aug 17, 2022, 8:18 PM IST

തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. നിയമനം നടത്തിയത് സര്‍വകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സര്‍ക്കാരല്ല. നിയമനവുമായി സര്‍ക്കാര്‍ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ല. യൂണിവേഴ്സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. 

ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍  റാങ്ക് പട്ടിക മരവിപ്പിച്ചത്. 1996 ലെ കണ്ണൂർ സർവ്വകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവ്വകലാശാല  ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു.

വിസി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. യുജിസി നിഷ്ക്കർഷിക്കുന്ന എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ല എന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി. കൂടുതൽ അധ്യാപന പരിചയം ഉള്ളവരെയും കൂടുതൽ റിസർച്ച് സ്കോറുള്ളവരെയും തഴഞ്ഞ് അഭിമുഖത്തിനെത്തിയവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോറുള്ള പ്രിയക്ക് അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകി എന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും ചാൻസിലര്‍ പരിഗണിച്ചു. 

 

Follow Us:
Download App:
  • android
  • ios