തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി വാർത്തകളെക്കുറിച്ച് ഞായറാഴ്ച വിശദീകരിക്കുമെന്ന് ആർ ശ്രീലേഖ വ്യക്തമാക്കി. വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജി സന്ദേശം നൽകി പിൻവലിച്ച സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന വാർത്തയെ കുറിച്ച് വിദശീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആർ ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജിവെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി ഞായറാഴ്ച വരെ കാത്തിരിക്കണമെന്നാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം കൗണ്‍സിലറാണ് ആർ ശ്രീലേഖ.
സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമംഗലത്തെ 'കൗൺസിലർ അറിയിപ്പ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു. പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം ശ്രീലേഖ പിൻവലിക്കുകയും ചെയ്തു. ശാരീരിക അസ്വസ്ഥതകളാണ് പ്രശ്നമെന്ന നിലയിലാണ് രാജിനാടകത്തെ പിന്നീട് നേതാക്കൾ വിശേഷിപ്പിച്ചത്. പാർട്ടിയോടുള്ള അതൃപ്തിയല്ല ശാരീരിക അസ്വസ്ഥതയായിരുന്നു ശ്രീലേഖയുടെ പ്രശ്നമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.
നിലവിൽ പ്രതിസന്ധി ഒഴിഞ്ഞെങ്കിലും രാജിക്കാര്യം വാർഡിലെ വോട്ടർമാരെ അറിയിച്ച് പിന്നീട് പിൻവാങ്ങേണ്ടി വന്ന നാടകത്തിന്റെ നാണക്കേട് ശ്രീലേഖക്കുണ്ട്. പദവിക്കായി വിലപേശി എന്ന നിലക്കുള്ള ആക്ഷേപങ്ങൾ ഇനിയും നേരിടേണ്ടിവരും. വെറും കൗൺസിലറായി നാല് വർഷത്തോളം ശ്രീലേഖ തുടരുമോ, അപ്രതീക്ഷിത ഭീഷണി നീക്കങ്ങളും തുടരുമോ എന്ന പ്രശ്നം ബിജെപിക്കും മുകളിലുണ്ട്. എല്ലാം നാടകം ജനം കാണുന്നുണ്ടെന്ന പരിഹാസമാണ് കോൺഗ്രസും സിപിഎമ്മും ഉയർത്തുന്നത്.

