'കാരവാനില്‍ ഒളിക്യാമറ', രാധികയുടെ വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ, ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നമസ്തേ കേരള'ത്തിലായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍. കാരവാൻ ചുമതലയിലുള്ള വ്യക്തിയേ രൂക്ഷമായ ഭാഷയിൽ താൻ ശകാരിച്ചതായും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: മലയാള സിനിമയിലെ ഞെട്ടിക്കുന്ന ദുരനുഭവം രാധിക ശരത്കുമാർ വെളിപ്പെടുത്തിയത് ഏഷ്യാനെറ്റ് ന്യൂസിലൂടെ, പിന്നാലെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് പ്രശസ്ത നടി രാധിക ശരത്കുമാർ വെളിപ്പെടുത്തിയത്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നുമാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാവുന്നതിനിടെയായിരുന്നു രാധികയുടെ ഈ വെളിപ്പെടുത്തൽ എത്തിയത്. പിന്നാലെ ഇന്ത്യാ ടുഡേ, ദി വീക്ക്, ന്യൂസ് 7, ന്യൂസ് തമിഴ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ രാധികയുടെ വെളിപ്പെടുത്തൽ ഏറ്റെടുക്കുകയായിരുന്നു.
ഈ വെളിപ്പെടുത്തലുകൾ പുറത്ത് വരാൻ എന്തുകൊണ്ട് ഇത്ര കാലതാമസം നേരിട്ടുവെന്ന മുഖവുരയോടെയായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. 46വർഷമായി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മോശമായി പെരുമാറുന്ന ആളുകളിവിടെയുണ്ട്. നോ എന്ന വാക്കിനെ സ്ത്രീകൾ തന്നെ ശക്തമായി പ്രയോഗിക്കണം. ഇതുവരേയും പുരുഷന്മാരൊന്നും പ്രതികരിച്ചിട്ടില്ല. ഒരു സിനിമാ മേഖലയിലും പുരുഷന്മാർ സംസാരിച്ചിട്ടില്ല. അതുകൊണ്ട് ആ ഉത്തരവാദിത്തം സ്ത്രീകളുടെ ചുമലിലേക്കാണ് വരുന്നത്. അത് എത്ര ദൂരം കൊണ്ടുപോകാൻ സാധിക്കുമെന്നതാണ് വെല്ലുവിളി. കേരളത്തിൽ മാത്രമല്ല പല വിധ ഭാഷകളിലും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. താൻ കൂടി ജോലി ചെയ്യുന്ന തൊഴിലിടത്തേക്കുറിച്ച് കുറ്റം പറയുമ്പോൾ തുപ്പൽ തന്റെ ദേഹത്തും വീഴും അതിനാലാണ് പേരുകൾ എടുത്ത് പറയാത്തതെന്നും രാധിക പറഞ്ഞിരുന്നു.
നടിമാരുടെ കതകില്‍ മുട്ടുന്നത് തനിക്ക് അറിയാം. എത്രയോ പെണ്‍കുട്ടികള്‍ തന്‍റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. നാളെ മാറ്റി നിര്‍ത്തുമോ എന്ന് ഭയന്നാണ് ഉര്‍വ്വശി മലയാള സിനിമയില്‍ കാരവാന്‍ വന്നതിന് ശേഷം പ്രശ്നമില്ലെന്ന് പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഞാന്‍ ഉര്‍വ്വശിയുടെ അഭിപ്രായത്തിനൊപ്പമല്ലെന്നും ഉർവ്വശി തന്റെ അടുത്ത സുഹൃത്താണെന്നും രാധിക കൂട്ടിച്ചേര്‍ക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നമസ്തേ കേരള'ത്തിലായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍. കാരവാൻ ചുമതലയിലുള്ള വ്യക്തിയേ രൂക്ഷമായ ഭാഷയിൽ താൻ ശകാരിച്ചതായും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള രാധികയുടെ വെളിപ്പെടുത്തലിൽ തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസ് ഒരുങ്ങുകയാണ്. ദേശീയ തലത്തിലേക്കും വലിയ രീതിയിലുള്ള ചർച്ചയാണ് രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഉയരുന്നത്. നടിക്കെതിരായ ആക്രമണം നടന്നതിന് ശേഷം 2019 വിവിധ സിനിമാ സൈറ്റുകളിൽ സ്ത്രീകൾക്ക് കാരവാൻ സൌകര്യം ലഭ്യമാക്കിയിരുന്നു. ഇതിന് ശേഷം നാല് സിനിമകളിലാണ് രാധിക ശരത് കുമാർ അഭിനയിച്ചത്. രാമലീല, ഇട്ടിമാണി, ഗാംബിനോസ്, പവി കെയർ ടേക്കർ എന്നിവയാണ് ആ ചിത്രങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം