ദില്ലി: വിവാദമായ റഫാൽ കേസിലെ അഴിമതി സിബിഐക്ക് അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ അനുബന്ധ വിധി വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതിയുടെ വിധി വൻതോതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"റഫാൽ കേസിൽ ജസ്റ്റിസ് കെഎം ജോസഫിന്റെ അനുബന്ധ വിധി നിലനില്ക്കുന്നതാണ്. കേസ് എടുക്കണം എന്നാണ് കെഎം ജോസഫിന്റെ വിധി. അതുകൊണ്ട് തന്നെ കേസ് എടുക്കണമെന്ന് സിബിഐ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് എടുത്തില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും. സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം ഭയക്കുന്നത്?" എന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞു.

അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം മുൻകൂർ അനുമതിയോടെ സി.ബി.ഐയ്ക്ക് വിഷയം അന്വേഷിക്കാമെന്ന് അനുബന്ധ വിധിയിലുണ്ട് എന്ന് പ്രശാന്ത് ഭൂഷൻ വിശദീകരിച്ചു. അതേസമയം റഫാൽ കേസിലെ വിധി വന്ന ശേഷവും രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എഐസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. എന്നാൽ മാർച്ച് എഐസിസി ആസ്ഥാനത്തിന് സമീപം പൊലീസ് തടഞ്ഞു.