''അറിയുമോ ഞങ്ങളെ അറിയുമോ ഞങ്ങളെ, ഞങ്ങളാണ് ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം'' എന്ന് തുടങ്ങുന്ന കവിത വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ പോരാട്ടവീര്യം പ്രകടമാക്കുന്നതാണ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെരെയുള്ള പ്രതിഷേധം രാജ്യമാകെ അലയടിക്കുമ്പോള്‍ പോരാട്ടം തുടരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് കവിത സമര്‍പ്പിച്ച് റഫീക്ക് അഹമ്മദ്. ''അറിയുമോ ഞങ്ങളെ അറിയുമോ ഞങ്ങളെ, ഞങ്ങളാണ് ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം'' എന്ന് തുടങ്ങുന്ന കവിത വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ പോരാട്ടവീര്യം പ്രകടമാക്കുന്നതാണ്. 

റഫീക്ക് അഹമ്മദിന്‍റെ കവിത വായിക്കാം

*പൊരുതുന്ന വിദ്യാർത്ഥി സമൂഹത്തിന് സമർപ്പിക്കുന്നു*

അറിയുമോ ഞങ്ങളെ അറിയുമോ ഞങ്ങളെ
ഞങ്ങളാണ് ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം
വെളിച്ചമുള്ള ലോകമൊന്നു കാണുവാൻ തുറന്നതാം
തെളിച്ചമുള്ള കണ്ണുകൾ
കരുത്തുറഞ്ഞ കയ്യുകൾ
ആയിരുണ്ട ഗോത്ര കാല ഭൂമി തൻ വെറുപ്പുമായ്
ഈ യുഗത്തിലേക്കു വന്നതെന്തിനായ് ദിനോസറേ
ലോകമേറെ മാറിയെന്നതൊന്നു നിങ്ങളോർക്കുക .
രോഗമാണ് നിങ്ങൾ തൻ മനസ്സിനെന്നു മോർക്കുക.
ഞങ്ങളീ മഹാചരിത്ര സംസ്കൃതിക്കു കാവലായ്
ജീവനെങ്കിൽ ജീവനേകി നിങ്ങളെ തുരത്തിടും
ഏതു പൗരനെന്തു പൗരൻ മർത്യ വർഗമൊന്നു താൻ.
ഏതു ജാതിയെങ്കിലും മനുഷ്യരൊറ്റ വശമാം
തോക്കു നീട്ടി നാക്കു നീട്ടി നേരിടുന്ന മൂഢരേ
നേർക്കു ഞങ്ങൾ നൽകിടാം
തുടുത്ത ചെമ്പനീരലർ
മൃഗത്തിൽ നിന്നു നിങ്ങൾ പോന്ന
ദൂരമെത്ര തുച്ഛമോ
മനുഷ്യരാണ് ഞങ്ങളോർക്ക, നാളെ തൻ തുടിപ്പുകൾ.
കെടുത്തുവാൻ കഴിഞ്ഞതില്ല നാളിതിത്രയാകിലും
മനുഷ്യരാശിയെ നയിക്കു മുജ്വല പ്രതീക്ഷകൾ.
ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം
നിങ്ങൾ വീണിടാതെ വയ്യ
ഹാ ചവറ്റു കൂനയിൽ..