കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ  ബോധപൂർവ്വമായി നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. അമ്പലമുകൾ റിഫൈനറിയ്ക്ക് മുന്നിലെ സമരപ്പന്തലില്‍ ബിപിസിഎൽ സ്വകാര്യ വത്കരണത്തിനെതിരെ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എട്ടുലക്ഷം കോടി രൂപ ആസ്തി ഉള്ള സ്ഥാപനം അറുപതിനായിരം  കോടി രൂപയ്ക്ക് വിൽക്കുന്നവർ ദേശസ്നേഹികളല്ലെന്നും രാഹുല്‍ പറഞ്ഞു.  പണ്ട് മഹാരാജാക്കന്മാരാണ് ഇന്ത്യയെ വിറ്റതെങ്കിൽ ഇന്ന് ഇന്ത്യയെ വിൽക്കുന്നത് മോദിയാണ്. നരേന്ദ്ര മോദിയെ നിലനിര്‍ത്തുന്നത് ആരുടെ പണമാണോ ആ യജമാനന്മാരെ അദ്ദേഹം  സംരക്ഷിക്കുകയാണ്. അവർക്കു വേണ്ടിയാണ് ബിപിസിഎൽ മോദി വിൽക്കുന്നതെന്നും രാഹുല്‍ ആഞ്ഞടിച്ചു. 

പന്ത്രണ്ടായിരത്തിലധികം ജീവനക്കാരുള്ള ബിപിസിഎൽ പൂർണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. മാനേജ്മെന്‍റ് നിയന്ത്രണവും കൈമാറും. അസമിലെ നുമാലിഗഡ് റിഫൈനറി മാത്രം സർക്കാരിന്‍റെ കീഴിൽ നിലനിറുത്തും. ബിപിസിഎൽ കൊച്ചി റിഫൈനറി ഉൾപ്പടെയാവും കൈമാറുക. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടയിനർ കോർപ്പറേഷൻ എന്നിവയും സ്വകാര്യവത്ക്കരിക്കും. തെരഞ്ഞെടുത്ത മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിന് താഴെ എത്തിക്കാനും ധാരണയായി. എന്നാൽ മാനേജ്മെൻറ് നിയന്ത്രണം നിലനിറുത്തും. 

ടെലികോം കമ്പനികൾക്ക് വൻ ആശ്വാസം നല്കുന്ന നടപടിക്കും മന്തിസഭ അംഗീകാരം നല്‍കിയിരുന്നു. സ്പെക്ട്രം ലേലതുകയുടെ അടുത്ത രണ്ടു സാമ്പത്തിക വർഷത്തെ ഇൻസ്റ്റാൾമെൻറ് അടയ്ക്കാൻ സാവകാശം നല്‍കാനാണ് തീരുമാനിച്ചത്. അടുത്ത രണ്ടു വർഷത്തെ തുക അതിനു ശേഷമുള്ള തിരിച്ചടവുകളിൽ തുല്യമായി വീതിച്ചു ചേർക്കാനാണ് നിർദ്ദേശം. പല കമ്പനികളും വൻ നഷ്ടത്തിലായ സാഹചര്യത്തിലാണ് നീക്കം.