സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ നേരിട്ടെത്തി അനുശോചനം അറിയിച്ചു. 

ദില്ലി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു. നേതാക്കളെ കണ്ട് വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.

Scroll to load tweet…

Scroll to load tweet…

വിയോഗം ഉൾകൊള്ളാനാകാതെ വിതുമ്പി കേരളം 

ഉമ്മൻചാണ്ടിയുടെ വിയോഗം ഉൾകൊള്ളാനാകാതെ വിതുമ്പുകയാണ് രാഷ്ട്രീയ കേരളം. വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ പ്രതികരണം. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഹായം തേടിവരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേർത്തു. 

ഉമ്മൻചാണ്ടിയുമായുള്ള വ്യക്തി ബന്ധത്തിൽ ഒരിക്കൽ പോലും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല; ലതിക സുഭാഷ്

അനുസ്മരിച്ച് പിണറായി വിജയൻ 

പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്: ചെറിയാൻ ഫിലിപ്പ്

അനുസ്മരിച്ച് സതീശൻ 

ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 


പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട, സംസ്കാരം മറ്റന്നാൾ; കോൺഗ്രസിൽ ഒരാഴ്ച ദുഃഖാചരണം