തൃശ്ശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നടത്തിയ പ്രസം​ഗത്തിൽ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹമെന്നും ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ: കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി - എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് രാഹുൽ ​ഗാന്ധി. തൃശ്ശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസം​ഗത്തിൽ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ചു. എപ്പോഴും മതത്തെ കുറിച്ച് പരാമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മറന്നുപോകുന്നതെന്ന് ചോദിച്ച രാഹുൽ മോദി ഇടതുപക്ഷത്തെ സഹായിക്കുകയാണെന്നും പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി- എൽഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. മോദിക്കും ബിജെപിക്കും അറിയാം അവർക്ക് ഭീഷണിയായ ഏക പാർട്ടി കോൺഗ്രസ് ആണെന്ന്. എപ്പോഴും മതത്തെക്കുറിച്ച് പറയുന്ന മോദി കേരളത്തിൽ വരുമ്പോൾ ശബരിമല കൊള്ളയെക്കുറിച്ച് പറയുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്. മോദിയെ വിമർശിച്ചതിന് എന്നെ ഉപദ്രവിച്ചു. എന്നാൽ, പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തേടി ഏജൻസികൾ വരുന്നില്ല. പിണറായി വിജയൻ മോദിയെ ആക്രമിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഒരു പങ്കാളിത്തത്തെയാണെന്നും രാഹുൽ ​ഗാന്ധി തൃശ്ശൂരിൽ പറഞ്ഞു.

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചവരും മണിപ്പൂരിനെ കത്തിക്കാൻ കാരണമായതുമായ ആളുകളാണ് ഈ തെരഞ്ഞെടുപ്പിൽ ഇവിടെ പങ്കാളികളാകുന്നത്. കേരളത്തിലെമ്പാടും മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യ ബോർഡുകളാണ്. അതിൽ എഴുതിയിരിക്കുന്നത് മറ്റാരാണ് എന്നാണ്. കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹം. കഴിവുള്ള ഒട്ടേറെ പേർ ഇവിടെയുണ്ട്. അവരുടെ ഉള്ളിൽ കേരളത്തിന്റെ ആത്മാവുണ്ട്. വിനയവും സഹാനുഭൂതിയും അവരുടെ ഉള്ളിലുണ്ട്. താൻ മാത്രമാണ് ഇവിടെ ഭരിക്കാൻ ഉള്ളത് എന്ന് പറയുന്നതിലൂടെ എല്ലാ മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. ഈ പോസ്റ്ററുകളിലേക്ക് നോക്കുന്ന മലയാളി ഓരോ നിമിഷവും അപമാനിക്കപ്പെടുകയാണ്. ഈ ധാർഷ്ട്യത്തെയാണ് നമ്മൾ എതിർക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും അസമിലെ ഹിമന്ദ ബിശ്വാസ് ശർമയുടെയും ഇതേ മനോഭാവമാണ്. നേതാക്കൾ വിനയത്തോടെ കൂടിയാണ് പ്രവർത്തിക്കേണ്ടത്. ഇത് മഹാരാജാക്കന്മാരുടെ കാലമല്ല. ഇടതുപക്ഷത്തെ മറ്റെല്ലാ നേതാക്കളോടും കൂടിയുള്ള അവഹേളനം കൂടിയാണ്. പിണറായിക്ക് മാത്രമാണ് കേരളത്തിലെ നയിക്കാൻ കഴിയൂ എന്നു പറയുന്നത് ഇടതുപക്ഷത്തെ മറ്റ് നേതാക്കൾ വിഡ്ഢികൾ ആയതുകൊണ്ടാണ്. ഇങ്ങനെ ഒരു അബദ്ധം ചെയ്യരുത് എന്ന് മുഖ്യമന്ത്രിയോട് ആരും പറഞ്ഞില്ല. വിനയവും സഹാനുഭൂതിയും ഉള്ളവരായിരിക്കണം നേതാക്കൾ. എനിക്കുമാത്രമാണ് എല്ലാം ചെയ്യാൻ കഴിയുന്നതെന്ന് ചിന്തിച്ചാൽ എങ്ങനെയാണ് സാധാരണക്കാരന്റെ വേദന മനസ്സിലാക്കുന്നത്? ഈ രാജ്യം ഭരിക്കാൻ ആണ് ജീവിച്ചിരിക്കുന്നതെന്ന മോദിയുടെയും അമിത്ഷായുടെയും അനുഭാവം തന്നെയാണ് പിണറായിക്കുമെന്നും രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസം​ഗം. മോദി ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും ട്രംപിന്റെ ഇഷ്ടങ്ങൾക്ക് എതിരായി മോദിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. യുദ്ധത്തെ ചെറുതായി കാണരുതെന്നും മോദിക്ക് നമ്മളെ സംരക്ഷിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് അടിസ്ഥാന സംരക്ഷണം ഉറപ്പാക്കാനാണ് യുഡിഎഫ് വരുന്നത്. യുഡിഎഫ് അധികാരത്തിൽ വരുന്ന ആദ്യദിവസം മുതൽ തന്നെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര ലഭ്യമാകും. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കും. ഞാനല്ലാതെ മറ്റാര് എന്നൊരു പ്രചരണം ഒരിക്കലും ഉമ്മൻചാണ്ടി തന്റെ പേരിനുമുന്നിൽ ചേർത്തുവെച്ച് നടന്നിട്ടില്ല. ഉമ്മൻചാണ്ടിയോട് ആരെങ്കിലും ചോദിച്ചാൽ ആർക്കുവേണമെങ്കിലും കേരളത്തെ നയിക്കാൻ കഴിയുമെന്ന് പറയുമായിരുന്നു. അത്രയും വിനയാന്വിതനായ ഉമ്മൻചാണ്ടിയുടെ പേരിലാണ് ആരോഗ്യ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming