Asianet News MalayalamAsianet News Malayalam

PT Thomas Death : 'വേദനിപ്പിക്കുന്ന വിയോഗം'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവാണ് പി ടി തോമസെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു. വയനാട് മണ്ഡലത്തിലെ പരിപാടികൾ റദ്ദുചെയ്തു രാഹുൽ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.
 

Rahul Gandhi condoles on death of PT Thomas MLA
Author
Trivandrum, First Published Dec 22, 2021, 12:18 PM IST

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ (P T Thomas) നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി (Rahul Gandhi). വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. പി ടി തോമസിന്‍റെ വേര്‍പാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണ്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നു. കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവാണ് പി ടി തോമസെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു. വയനാട് മണ്ഡലത്തിലെ പരിപാടികൾ റദ്ദുചെയ്തു രാഹുൽ ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.

ദീർഘകാലമായി അർബുദരോഗബാധിതനായിരുന്ന പി ടി തോമസ് ഇന്ന് രാവിലെ പത്തുമണിയോടെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ​ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയ‍ർന്നു വന്ന പിടി കോൺ​ഗ്രസിലെ ഒറ്റയാനായിരുന്നു. ആ​ദ്യവസാനം കോൺ​ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പി ടി തോമസ്. താഴെത്തട്ടിലെ പ്രവ‍ർത്തകരുമായും സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തിയിരുന്നു. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേ‍ർത്തു പിടിച്ചത്. 

ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം​ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ക്രൈസ്തവ സഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു. 

പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്‍റേറിയനെയാണ് പി ടി തോമസിന്‍റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നിയമസഭ അംഗം എന്ന നിലയിലും പാർലമെന്‍റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാർലമെൻ്റേറിയൻ ആയിരുന്നു പി ടി തോമസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിദ്യാർത്ഥി സംഘടനാ നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios