കോഴിക്കോട്: പ്രളയ ബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം കിട്ടാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിലോ കേരളത്തിലോ കോണ്‍ഗ്രസിന് അധികാരമില്ല. എന്നാല്‍ ജനങ്ങളില്‍ ഒരാളായി നിന്ന് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍ പറഞ്ഞു. 

വയനാട്ടിലെ ദുരിതബാധിതരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ കെ സി വേണുഗോപാല്‍ പങ്കുവെച്ചിട്ടുണ്ട്. ദുരിതബാധിതരില്‍ ഒരാളോട് വീടിന് എത്ര നഷ്ടം ഉണ്ടായെന്നും കുട്ടികളെക്കുറിച്ചും രാഹുല്‍ ഗാന്ധി അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് വിഷമിക്കേണ്ടെന്ന് പറയുന്നതും കാണാം. മാമനുണ്ട്, വിഷമിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയെ ചൂണ്ടി കെ സി വേണുഗോപാല്‍ കുട്ടിയോട് പറയുന്നത് വീഡിയോയില്‍ കാണാം. 

അതേസമയം മുക്കം കാരശ്ശേരിയിലെ എംപി ഓഫീസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിന് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സമാഹരിച്ച 15 ലക്ഷം രൂപ രാഹുല്‍ഗാന്ധി കൈമാറി.

വീഡിയോ കാണാം