വയനാട്: കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ മണ്ഡലത്തിൽ വിതരണം ചെയ്ത് വയനാട് എംപി രാഹുൽ ​ഗാന്ധി. അമ്പത് സ്കാനറുകളാണ് രാഹുൽ എത്തിച്ചു നൽകിയത്. ഇതിൽ 30 എണ്ണം വയനാട് ജില്ലയിലും പത്ത് സ്കാനറുകൾ വീതം കോഴിക്കോടും മലപ്പുറത്തുമാണ് വിതരണം ചെയ്തത്.

വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനാണ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയ്ക്ക് 50 സ്‌കാനറുകള്‍ കൈമാറിയത്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വരും ദിവസങ്ങളില്‍ രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസർകോ‍ട് ജില്ലക്കാരുമാണ്.