വിതുര ആനപ്പാറയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ സാനിയുമ്മ പട്ടത്ത് എത്തിയത്. യാത്രയ്ക്കിടെ രാഹുലിന് അടുത്തേക്ക് അവര്‍ ഓടിയെത്തി.

തിരുവനന്തപുരം : ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്നതിനിടെ വിവാദങ്ങൾക്കിടയിലും നിരവധി ഹൃദ്യമായ വാര്‍ത്തകളും വീഡിയോകളുമാണ് പുറത്തുവരുന്നത്. യാത്രക്കിടെ രാഹുലിനെ കാണാൻ കാത്തിരുന്ന് ഓടിയെത്തിയ സ്ത്രീയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കോൺഗ്രസ് നേതാക്കൾ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

വിതുര ആനപ്പാറയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ സാനിയുമ്മ പട്ടത്ത് എത്തിയത്. യാത്രയ്ക്കിടെ രാഹുലിന് അടുത്തേക്ക് അവര്‍ ഓടിയെത്തി. അടുത്തുവന്ന സാനിയുമ്മയെ രാഹുൽ ചേര്‍ത്ത് നിര്‍ത്തി. ഏറെ നേരത്തെ കാത്തിരിപ്പിനാൽ അവശയായ അവര്‍ക്ക് രാഹുൽ കുടിക്കാൻ വെള്ളവും നൽകി. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുലിന് ഒപ്പമുണ്ടായിരുന്നു. 

അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവർണകൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാർട്ടിയുടെ വലിയ കരുത്ത് എന്ന് ആ നിമിഷം പങ്കുവച്ചുകൊണ്ട് മുൻ എംഎൽഎ ശബരീനാഥൻ കെ എസ് ഫേസ്ബുക്കിൽ കുറിച്ചു. 

അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടരുകയാണ്. യാത്രയെ പരിഹസിച്ച് സിപിഎം ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 18 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ യുപിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നത്. ഇങ്ങിനെയാണോ ബിജെപിയെ നേരിടുന്നതെന്നായിരുന്നു സിപിഎമ്മിന്‍റെ ചോദ്യം. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്‍റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു. 

ഇതിനുള്ള മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. യാത്രക്ക് കിട്ടുന്ന സ്വീകരണത്തിൽ സിപിഎമ്മിനും ബിജെപിക്കും അസ്വസ്ഥതയാണ്.ആര്‍ എസ് എസിനെതിരെ പോരാട്ടം തുടരും.കേരളത്തിൽ കൂടുതൽ ദിവസം എന്ന സിപിഎം വിമർശനത്തിന് കേരളം ഇന്ത്യയിൽ അല്ലെയെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ കഴിയൂ.സിപിഎം കേരളത്തിനു പുറത്തു എവിടെ ഉണ്ടെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

Read More : അമിത് ഷായുടെ മഫ്ളറിന്റെ വില 80,000, നേതാക്കളുടെ സൺഗ്ലാസിന് 2.5 ലക്ഷം; തിരിച്ചടിച്ച് ഗെഹ്ലോട്ട്