Asianet News MalayalamAsianet News Malayalam

പിഎം ജെവികെയിൽ 4 പദ്ധതികൾ മാത്രം, അവഗണന വേണ്ട, വയനാടിന് വേണ്ടി ശബ്ദമുയർത്തി രാഹുൽ; ചീഫ് സെക്രട്ടറിക്ക് കത്ത്

111. 33 കോടിയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ 4 പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയ്യാറാക്കിയ അജണ്ട നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ്‌ രാഹുൽ ഗാന്ധിയുടെ ഇടപെടൽ

rahul gandhi letter to kerala chief secretary against neglect wayanad in pm jvk program
Author
First Published Jan 30, 2023, 7:37 PM IST

കൽപ്പറ്റ: പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിന് (പി എം ജെ വി കെ) കീഴിൽ പരിഗണിക്കുന്ന പദ്ധതികളിൽ വയനാടിന് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി രംഗത്ത്. 111. 33 കോടിയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ 4 പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയ്യാറാക്കിയ അജണ്ട നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ്‌ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. വയനാടിന് ഇക്കാര്യത്തിൽ അർഹമായ പരിഗണന ലഭിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പി എം ജെ വി കെ യിൽ വയനാട്‌ പാർലമന്റ്‌ മണ്ഡലത്തിൽ നിന്ന് 6 പദ്ധതികൾ മാത്രമാണ്‌ ഉൾപ്പെടുത്തിയതെന്നും വയനാടിന്റെ അടിസ്ഥാന വികസന ആവശ്യങ്ങളോടുള്ള വലിയ അവഗണനയാണ് ഇതെന്നും രാഹുൽ കത്തിൽ ചൂണ്ടികാട്ടി. വയനാട് ജില്ലയിൽ നിന്ന് 4 - ഉം മലപ്പുറം ജില്ലയിൽ നിന്ന് 2 - ഉം. കോഴിക്കോട്‌ ജില്ലയിൽ നിന്ന് ഒരു പദ്ധതി പോലുമില്ലെന്നും സംസ്ഥാനതല സമിതി ഇക്കാര്യം പരിശോധിച്ച് വയനാട് മണ്ഡലത്തിൽ മതിയായ പദ്ധതികൾക്ക് അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു‌വെന്നും രാഹുൽ കത്തിലൂടെ ആവശ്യപ്പെട്ടു.

'ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നത് മരണപ്പെട്ടു എന്ന് പഠിപ്പിക്കുന്ന അവസ്ഥ'; ഓർമ്മപ്പെടുത്തലുമായി മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയുടെ വാർത്താക്കുറിപ്പ് പൂർണരൂപത്തിൽ

സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ  ജില്ലായായ വയനാടിന് പി എം ജെ വി കെ  പദ്ധതിയിൽ അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വയനാട് ജില്ലയിൽ നിന്നും 111. 33 കോടിയുടെ 37 പദ്ധതികൾ സമർപ്പിച്ചപ്പോൾ 14.6 കോടിയുടെ 4 പദ്ധതികൾ മാത്രം സംസ്ഥാനതല കമ്മിറ്റിക്കായി തയ്യാറാക്കിയ അജണ്ട നോട്ടിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ്‌ രാഹുൽ ഗാന്ധി എം പി ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്‌.

'സംസ്ഥാനതല സമിതി (എസ്‌ എൽ സി) പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമത്തിന് (പി എം ജെ വി കെ) കീഴിൽ പരിഗണിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട് 2022 ഒക്‌ടോബർ 28ന്  മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിനൊപ്പം വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാതല കമ്മിറ്റികൾ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് സമർപ്പിച്ച യഥാക്രമം 37, 17, 3 പദ്ധതികൾ  കൈമാറുകയും വയനാട് നിയോജക മണ്ഡലത്തിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും സൃഷ്ടിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023 ജനുവരി 20 ന് പി എം ജെ വി കെ യുടെ സംസ്ഥാനതല കമ്മിറ്റി യോഗത്തിനായി അജണ്ട കുറിപ്പ് തയ്യാറാക്കിയതിൽ വയനാട്‌ പാർലമന്റ്‌ മണ്ഡലത്തിൽ നിന്ന് 6 പദ്ധതികൾ മാത്രമാണ്‌ ഉൾപ്പെടുത്തിയത്‌. വയനാട് ജില്ലയിൽ നിന്ന് 4-ഉം മലപ്പുറം ജില്ലയിൽ നിന്ന് 2-ഉം. കോഴിക്കോട്‌ ജില്ലയിൽ നിന്ന് ഒരു പദ്ധതി പോലുമില്ല.‌

പി എം ജെ വി കെ യുടെ പുതുക്കിയ മാർഗനിർദേശങ്ങൾ, ആസ്പിരേഷണൽ  ജില്ലകളിൽ നിന്നുള്ള  പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, ജില്ലാതല സമിതി സമർപ്പിച്ച പദ്ധതികളുടെ  പട്ടികയും സംസ്ഥാനതല സമിതിയുടെ പരിഗണനയിലുള്ള പദ്ധതികളുടെ പട്ടികയും തമ്മിലുള്ള പ്രകടമായ വ്യത്യാസം വലിയ ആശങ്ക ഉളവാക്കുന്നതാണ്‌. സംസ്ഥാനതല കമ്മിറ്റി പരിഗണിക്കുന്ന പദ്ധതികളുടെ  നേർപ്പിച്ച ലിസ്റ്റ്  കേരളത്തിലെ ഏക ആസ്പിരേഷണൽ ജില്ലയായ വയനാടിന്റെ അടിസ്ഥാന വികസന ആവശ്യങ്ങളോടുള്ള വലിയ അവഗണനയാണ് കാണിക്കുന്നത്. ഇത്  പി എം ജെ വി കെയുടെയും പഴയ മൾട്ടി-സെക്ടറൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും അന്തഃസത്ത തന്നെ ചോദ്യം ചെയ്യുന്നതാണ്‌.  സംസ്ഥാനതല സമിതി ഇക്കാര്യം പരിശോധിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിൽ മതിയായ പദ്ധതികൾക്ക് അംഗീകാരം നൽകണമെന്ന്  അഭ്യർത്ഥിക്കുന്നു.’  ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തിൽ രാഹുൽ ഗാന്ധി എം പി കുറിച്ചു.

Follow Us:
Download App:
  • android
  • ios