വയനാട്: മഴയും ഉരുൾപ്പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുൽ ഗാന്ധി. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണം. വയനാട്ടിലെ ദുരിതബാധിത മേഖലകളിൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ രാഹുൽ ഗാന്ധി രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും എല്ലാം വിലയിരുത്തിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. 

ദുരിത മേഖലകളിൽ എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ മഴക്കെടുതി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ദുരിത മേഖലയിൽ നിന്ന് രാഷ്ട്രീയം പറയാൻ ഉദ്ദേശിക്കുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കക്ഷി വ്യത്യാസം ഇല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഒരുമിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.