Asianet News MalayalamAsianet News Malayalam

'ദേശീയ നേതാവിന്‍റെ ഓഫീസെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല'; വീഴ്ചകൾ നിരത്തി പ്രാഥമിക റിപ്പോർട്ട്

പൊലീസിനെ മറികടന്ന് പ്രവർത്തകർ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

rahul gandhi office attacked investigation team first report details
Author
Wayanad, First Published Jun 28, 2022, 7:47 PM IST

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ‍്‍ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്.  ദേശീയ നേതാവിന്‍റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു.

പൊലീസിനെ മറികടന്ന് പ്രവർത്തകർ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സസ്പെൻഷൻ നേരിട്ട കൽപ്പറ്റ ഡിവൈഎസ്‍പിയിൽ നിന്നും ഡ്യുട്ടിയിൽ  ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് എഡിജിപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ ഡിവൈഎസ്‍പി എം.ഡി.സുനിൽകുമാറിനെ മാത്രം ബലിയാടാക്കിയെന്ന അതൃപ്തി സേനക്കുള്ളിലുണ്ട്.

ഇതിനിടെ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചേർന്നു. ജില്ലയിലെ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ പറഞ്ഞു. ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം സംഭവത്തിന് പിന്നാലെ കോൺഗ്രസും ഇതര പ്രതിപക്ഷ സംഘടനകളും സർക്കാരിനെ ഉന്നംവയ്ക്കുന്നതിനെതിരെ എൽഡിഎഫ് രംഗത്തെത്തി.

സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് നാളെ എൽഡിഎഫിന്‍റെ ബഹുജന റാലി കൽപ്പറ്റയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധ സമരം നടത്തുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്നുവെന്നാരോപിച്ച് ഒരു എസ്ഐ ഉൾപെടെ 11 ഉദ്യോ‍സ്ഥർക്ക് നോട്ടീസ് നൽകി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കാൽടെക്സ് ജംഗ്ഷനിലെ പ്രതിഷേധത്തിൽ ഈ പൊലീസുകാർ ഇടപെട്ടില്ല എന്ന് സിസിടിവിയിൽ തെളിഞ്ഞെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കുന്നത്.

അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത 11 യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ഉപരോധ സമരം നടത്തിയിരുന്നു.

വയനാട്ടിലെ കോൺഗ്രസ് ഉപരോധം; പൊലീസ് നിഷ്ക്രിയമായി നിന്നു, തൻറെ മുന്നിൽ ഓഡർലി മാർച്ച് നടത്തണമെന്നും എസ് പി

പ്രതിഷേധക്കാരെ നീക്കുന്നതിനിടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ മുകളിൽ കയറി നിന്ന് കൊടി വീശി. സംഘർഷമുണ്ടായപ്പോൾ ചക്കരക്കൽ ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ടൗൺ എഎസ്ഐ ജയദേവൻ ഉൾപെടെ 11 പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നു എന്നാണ് ആരോപണം. സിസിടിവി പരിശോധിച്ചപ്പോൾ ഇക്കാര്യം വ്യക്തമായെന്നും അസി. കമ്മീഷണർ  ടികെ രത്നകുമാർ നൽകിയ നോട്ടീസിൽ പറയുന്നു.

അതേസമയം  റോഡ് ഉപരോധ സമരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് ഉൾപെടെ 11 പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മുഖ്യമന്ത്രിക്കതിരായ തുടർ സമരങ്ങളെ ഭയന്നാണ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

Follow Us:
Download App:
  • android
  • ios