തിരുവനന്തപുരം: കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുൽ ഗാന്ധിയുടെ നടപടിയെ ചൊല്ലി വിവാദം. രാഹുൽ ഗാന്ധി പ്രാദേശിക വിഷയത്തിൽ അഭിപ്രായ പറയേണ്ട എന്നാദ്യം പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് അത് തിരുത്തി പ്രസ്താവനയിറക്കി. ദേശീയ തലത്തിൽ അഭിപ്രായം പറയുമ്പോൾ ആ നിലയ്ക്കാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ എടുക്കേണ്ടെതെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ഒടുവിൽ ചെന്നിത്തലയുടെ പ്രതികരണം.

അതിനിടെ രാഹുലിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. രാഹുൽ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങൾ കണ്ടത്. അദ്ദേഹം രാജ്യത്തെ എല്ലാ പ്രതിരോധ പ്രവർത്തനവും കാണുന്നയാളാണ്. വ്യത്യസ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവിടുത്തെ കാര്യങ്ങൾ അദ്ദേഹം വിശകലനം ചെയ്തുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

കൊവിഡ് പ്രതിരോധം പൊളിഞ്ഞുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് വ്യക്തമാക്കിയത്. കേരളത്തെ കേന്ദ്രമന്ത്രി ഹർഷവർദ്ധൻ വിമർശിച്ചപ്പോഴായിരുന്നു രാഹുലിന്‍റെ പരാമർശം.