കേരളത്തിലെ യുഡിഎഫ് വിജയത്തിന് നേതൃത്വം നൽകിയ കെ സി വേണുഗോപാലിന് രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസുകൾ സെക്രട്ടേറിയറ്റിൽ സജ്ജമാക്കി.
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേടിയ മഹാവിജയത്തിൽ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി. അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുക. ഓരോ കേരളീയന്‍റെയും ശബ്‍ദമായി മാറുന്ന വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാൽ ജിക്ക് നന്ദി. ഈ പ്രചാരണ വേളയിൽ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവർത്തകനും ഡിജിറ്റൽ യോദ്ധാവിനും അവകാശപ്പെട്ടതാണ് ഈ വിജയം. പ്രവർത്തനം ഇപ്പോൾ ആരംഭിക്കുന്നുവെന്ന് രാഹുൽ എക്സിൽ കുറിച്ചു.

അതേസമയം, പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകൾ തന്നെ ഇത്തവണയും തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്.


