കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ വയനാട്ടിലെത്തി, കൂടുതൽ അറസ്റ്റിന് സാധ്യത, പ്രതിഷേധം കണക്കിലെടുത്ത് വയനാട്ടിൽ വൻ സുരക്ഷാ സന്നാഹം

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‍പിക്കാണ് അന്വേഷണ ചുമതല. എഡിജിപി മനോജ് എബ്രഹാം അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ വയനാട്ടിലെത്തിയിട്ടുണ്ട്. കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

രാഹുൽ വയനാട്ടിലേക്ക്

ഇതിനിടയിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഈ മാസം അവസാനം വയനാട്ടിലെത്തും. ജൂൺ 30, ജൂലൈ 1,2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 

മൂന്ന് ദിവസത്തെ സന്ദര്‍ശനം: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്, വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

അപലപിച്ച് എസ്എഫ്ഐ

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിക്കുന്നുവെന്ന് എസ്എഫ്ഐ. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതി ഇല്ലാതെയാണ് മാര്‍ച്ച് നടത്തിയതെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി.സാനു പറഞ്ഞു.

'തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും'; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

വയനാട്ടിൽ ഇന്ന് പ്രതിഷേധ റാലി

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്നുച്ചയ്ക്ക് ശേഷം വൻ ബഹുജന റാലി സംഘടിപ്പിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വയനാട്ടിലുണ്ട്. പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ കൽപ്പറ്റയിൽ മുതിർന് നേതാക്കൾ യോഗം ചേരുന്നുണ്ട്. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വയനാട്ടിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.