ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി. അൽപ്പസമയത്തിനകം വിധി പ്രസ്താവിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അറസ്റ്റ് തടയണമെന്ന ഹര്‍ജിയിൽ വിധി ആദ്യം പുറപ്പെടുവിക്കും. ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയിരിക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ആശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം കേസിനെ എതിർത്താണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരി എന്ന പോലും അറിയാത്ത കേസ് എന്നായിരുന്നു വാദം. മുൻകൂർ ജാമ്യപേക്ഷ തടയാൻ ആണ് പുതിയ കേസ് എന്നും പ്രതിഭാഗം ആരോപിച്ചു. ഇന്നത്തെ 25 മിനിറ്റ് വാദത്തിൽ രാഹുലിനെതിരെ പുതിയ തെളിവായി ഒരു സ്ക്രീൻ ഷോട്ട് പ്രോസിക്യൂഷൻ ഹാജരാക്കി.
പീഡനത്തിനും നിർബന്ധിച്ചുള്ള ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പരാതിക്ക് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചനയുണ്ടെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗർഭഛിദ്രം നടത്തിയതെന്നുമായിരുന്നു രാഹുലിന്റെ വാദം. വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന കേസിൽ ഒന്നരമണിക്കൂറാണ് ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ വാദം നടന്നത്. പ്രോസിക്യൂഷനും പ്രതിഭാഗവും ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കിയായിരുന്നു വാദം. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം. അശാസ്ത്രീയ ഗർഭചിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ. സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ.
എന്നാൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടന്നാണ് രാഹുലിന്റെ വാദം. യുവനേതാവിനെതിരായ സിപിഎം-ബിജെപി ഗൂഢാലോചനയാണ് പരാതിക്ക് പിന്നിൽ. യുവതിയുമായി ഉഭയ സമ്മതപ്രകാരം ബന്ധമുണ്ടായിരുന്നു. ഓഡിയോ ക്ലിപ്പും വാട്സ് ആപ് ചാറ്റും യുവതി റെക്കോർഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി. യുവതി ജോലി ചെയ്യുന്ന സ്ഥാപനം പരാതി കൊടുക്കാൻ സമ്മർദ്ദം ചെലുത്തി, അതിന് തെളിവുണ്ട്.
ഗർഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. പ്രോസിക്യൂഷനോട് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച് വീണ്ടും വാദം കേട്ടാകും വിധിയെന്നാണ് കോടതി ഇന്നലെ അറിയിച്ചത്. വിധി വരും വരെ അറസ്റ്റ് പാടില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ ചെയ്യാനാകില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ഇരുപക്ഷത്തിൻറെയും ആവശ്യം പരിഗണിച്ച് അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.



