ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും വിദേശത്തുള്ള യുവതി നൽകിയ മൂന്നാമത്തെ പരാതിയിലാണ് നടപടി.
തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ബിജെപി. കോൺഗ്രസ് രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്ന് പികെ കൃഷ്ണ ദാസ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നത് തുടരുകയാണെന്നും കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ആദ്യ രണ്ട് കേസുകളിലും മുൻകൂർജാമ്യം ലഭിച്ച രാഹുൽ മൂന്നാമത്തെ ബലാത്സംഗ കേസിലാണ് അറസ്റ്റിലായത്. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തു. ഉടൻ തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കും.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്.
മൂന്നാമത്തെ ബലാത്സംഗ കേസ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയ യുവതി തിരുവല്ല സ്വദേശിയെന്ന് വിവരം. ഇപ്പോൾ വിദേശത്തുള്ള യുവതി വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസിൽ മൊഴി നൽകിയത്. ആദ്യ രണ്ടു പരാതികളിലേതുപോലെ തന്നെ ബലാത്സംഗവും പീഡനവും ഭീഷണിയുമാണ് മൂന്നാമത്തെയും പരാതിയിലുള്ളത്. വിവാഹിതയായ യുവതി ആണ് രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ഇ മെയിൽ വഴി പരാതി നൽകിയത്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടതെന്നും പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ഒരു കുഞ്ഞ് വേണം എന്നും കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു.
ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയാതെ കടന്നാക്രമിച്ചു. നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം എന്ന് പരാതിക്കാരി പറയുന്നു. മുഖത്ത് അടിക്കുകയും ദേഹമാകെ മുറിവുണ്ടാകുകയും ചെയ്തു. ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. മറ്റ് ആരുടെ എങ്കിലും കുഞ്ഞാകും എന്ന് അധിഷേപിക്കുകയും ചെയ്തു. അതിൽ മനം നൊന്ത് താൻ ഡിഎൻഎ പരിശോധനക്ക് തയ്യാറായെന്നും പരാതിയിലുണ്ട്.


