പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ക്കും നടപടിക്കും പിന്നാലെ ആദ്യമായി  സഭയിലെത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുൽ.

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ പ്രതികരിച്ചില്ല. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. മരിക്കും വരെ കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ സഭയിലെത്തിയത് സതീശന്‍റെ നിലപാട് തള്ളി

വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തും.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലാകും.

രാഹുലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐയുടെ പ്രതിഷേധം

എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് തിരിച്ചുപോകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. എംഎൽഎ ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാൻ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

YouTube video player