യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയുടെ രാഹുലിന്‍റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയിൽ ഹാജരാക്കി. ഹർജി ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. ഹർജിയിൽ കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. ഡിസംബർ 17ന് മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം. സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എംഎൽഎക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.


