രാഹുൽ അൻവറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  

മലപ്പുറം : നിലമ്പൂരിൽ പി.വി അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുൽ ഒതായിയിലെ വീട്ടിലെത്തിയത്.
രാഹുൽ അൻവറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ്‌ നേതാവ് നേരിട്ട് എത്തിയത്. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്ന് രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച. 

വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ അൻവർ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകിട്ടായോടെ നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അൻവർ വൈകിട്ടായതോടെ മത്സരിക്കാൻ ആലോചിക്കുന്നതായി അറിയിച്ചു. യുഡിഎഫ് ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്. 

അൻവറിനെ പ്രകോപിപ്പിക്കാതെയാണ് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്. പക്ഷേ വി.ഡി സതീശന്റെ അടവ് നയം ഏറ്റുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വി ഡി സതീശന് വീഴ്ച പറ്റിയെന്ന അഭിപ്രായം ലീഗിനുണ്ട്. അൻവർ മത്സരിക്കാൻ തന്നെയാണ് സാധ്യത. അതിനുള്ള പ്രചാരണ പരിപാടികൾ അൻവർ ആസൂത്രണം ചെയ്യുന്നുണ്ട്. നാളെയോ മറ്റന്നാളോ അൻവർ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇനി അൻവറുമായി നീക്ക് പോക്കില്ലെന്നുള്ളതാണ് കോൺഗ്രസിൻറെ നിലപാട്. മത്സരിച്ച് 10000 വോട്ടെങ്കിലും നേടാനായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യുഡിഎഫിനോട് വിലപേശനാകുമെന്ന് അൻവർ ക്യാമ്പ് കരുതുന്നു. 

YouTube video player