അസൂയാവഹമായ രാഷ്ട്രീയ വളർച്ചയും അപ്രതീക്ഷിതമായ വീഴ്ചയുമാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പൊളിറ്റിക്കൽ കരിയർ. സമൂഹമാധ്യമങ്ങളിലെ എഴുത്തും, ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ വാക്കുകളും കോൺഗ്രസ് പാർട്ടിയിൽ രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്. ഒടുവില്‍ രാഷ്ട്രീയ പതനം…
പാലക്കാട്: അതിശയിപ്പിക്കും വിധം അതിവേഗം കോണ്‍ഗ്രസിന്‍റെ മുഖമായി ഉദിച്ച് ഉയര്‍ന്ന രാഹുൽ മാങ്കൂട്ടത്തിൽ അതേ വേഗത്തിൽ പൊലിഞ്ഞു വീണു. ഏണിയും പാമ്പും കളി പോലെയായി രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ നേതാവിന്‍റെ പൊളിറ്റിക്കൽ കരിയര്‍. തുടര്‍ച്ചയായി പ്രതിപക്ഷത്തായിപ്പോയ പാര്‍ട്ടിയുടെ മനോവീര്യം വീണ്ടെടുക്കാൻ ആക്രമണമല്ലാതെ വഴിയില്ലെന്ന കണ്ടപ്പോള്‍ രാഹുലിനെ സൈബറിടത്തും പുറത്തും മുന്നണിപ്പോരാളിയാക്കി. അര്‍പ്പിച്ച വിശ്വാസം തകര്‍ത്തതിന്‍റെയും നാണം കെടുത്തിയതിന്‍റെയും കലിയിലാണ് രാഹുലിനെ പാര്‍ട്ടി പിടിച്ചു പുറത്താക്കിയത്.
സൈബറിടവും റീലുകളും രാഷ്ട്രീയം നിയന്ത്രിക്കുന്ന കാലത്ത് സൂപ്പര്‍ താരമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. മാറുന്ന കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്‍റെ മുഖം. ഖദറല്ല, കളറാണ് ധരിക്കേണ്ടതെന്ന് വിചാരിക്കുന്ന ന്യൂജൻ പാര്‍ട്ടിക്കാര്‍ക്ക് ഷാഫി പറമ്പിലിനെ പോലെ റോള്‍ മോഡലായിരുന്നു രാഹുലും. ചാനൽ ചര്‍ച്ചയിലും കവലയോഗങ്ങളിലും കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ നാവായി. രണ്ട് വട്ടം തോറ്റ പാര്‍ട്ടി, പഴഞ്ചൻ ശൈലിയിൽ പമ്മിയിരുന്നാൽ പോരെന്ന് വിചാരിച്ചവരെല്ലാം രാഹുലിന് കയ്യടിച്ചു. ഈ ശൈലി കോണ്‍ഗ്രസിന്‍റേതല്ലെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും രാഹുൽ ഉറച്ച് നിന്നു. സാമൂഹിക മാധ്യമങ്ങളിലെ രാഹുലിന്‍റെ എഴുത്തിനും കിട്ടി ലൈക്ക്. ആരെയും വളഞ്ഞിട്ടു കുത്താൻ പോന്ന സൈബര്‍ സംഘങ്ങളുടെയും നേതാവായി രാഹുല്‍ അതിവേഗം വളര്‍ന്നു.
പിണറായി വിജയനെ "വിജയൻ" എന്ന് വിളിച്ച്, കോൺഗ്രസ് അണികളെ ഹരം കൊള്ളിച്ചും, ചാനൽ ചർച്ചയിലെ വാദങ്ങളോട് കാച്ചിക്കുറുക്കിയ മറുവാദങ്ങൾ ഉയർത്തിയും, നല്ല കവല പ്രസംഗങ്ങൾ കാഴ്ചവച്ചുമാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാഹുലിനെ കേരളം ആകെ അറിഞ്ഞത്. പരിഗണിക്കേണ്ട യുവജന നേതാക്കൾ വേറെ ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും, പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലും ഷാഫി പറമ്പിൽ മുന്നോട്ടുവച്ച പേര് രാഹുലിന്‍റേതായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി മാസങ്ങള്‍ക്കുള്ളിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുലിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. പലരും പിണങ്ങിയെങ്കിലും ഷാഫിയുടെ വാശിക്ക് പാര്‍ട്ടി വഴങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ അകമഴിഞ്ഞ പിന്തുണ. എ ഗ്രൂപ്പിൽ തന്നെ പരിഗണിക്കേണ്ട പല പേരുകള്‍ ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഷാഫി പറമ്പിൽ നിര്‍ദ്ദേശിച്ചത് രാഹുലിനെയാണ്. തെരഞ്ഞെടുപ്പ് വ്യാജ ഐഡി കാർഡ് നിർമ്മിച്ചെന്ന ആരോപണം ഉയര്‍ന്നു. എന്നാൽ ഷാഫി, രാഹുൽ ഐക്യം ശക്തിപ്പെട്ടു. പാര്‍ട്ടിയിൽ ആരാധകരുടെ എണ്ണവും കൂടി. സര്‍ക്കാരിനെതിരെ സമരത്തിന്റെ പേരിൽ വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത്, രാഹുലിനെ അവരുടെ ഹീറോയാക്കി.
റീൽസിന് അപ്പുറം റിയാലിറ്റി വേറെയാണെന്ന് അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായിരുന്നു. താഴെ തട്ടിൽ യൂത്ത് കോണ്‍ഗ്രസിനെ വളര്‍ത്താൻ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം പക്ഷേ അവര്‍ പുറത്തു പറഞ്ഞില്ല. സൈബര്‍ സംഘങ്ങളുടെ ആക്രമണത്തെ പേടിച്ച് മിണ്ടാതിരുന്നു. അപക്വമായ പെരുമാറ്റങ്ങളുണ്ടായി. ഏണി കയറിയ യുവനേതാവിനെ ഇനി എല്ലാം എന്‍റെ വരുതിയിൽ എന്ന തോന്നൽ വിഴുങ്ങി. ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ ഇരകളെയും പൊതു സമൂഹത്തെയും വെല്ലുവിളിച്ചു. പദവിയൊഴിയാൻ നിര്‍ബന്ധിതമാകതുന്പോഴും ധാര്‍മികത എന്ന പ്രശ്നം രാഹുലിനെ അലട്ടിയില്ല. നിയമ പരമായി ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചു. സ്വഭാവ ദൂഷ്യത്തിന് നടപടിയെടുക്കുമ്പോള്‍ അതിന് വഴങ്ങി അടങ്ങിയൊതുങ്ങി നിന്നില്ല. നടപടിക്ക് വാദിച്ചവരെയും വിമര്‍ശിച്ചവരെയും അധിക്ഷേപിച്ചു, ആക്രമിച്ചു. ഇനി ഒരു പരാതിയും വരാനില്ലെന്ന് ആത്മവിശ്വാസത്തിൽ പാര്‍ട്ടിയിൽ തിരികെയെത്താൻ തിടുക്കം കാട്ടി. മുതിര്‍ന്ന നേതാക്കളിൽ ചിലര്‍ പിന്തുണച്ചു. പക്ഷേ അതിഗുരുതരമായ പരാതികള്‍ വന്നപ്പോള്‍ പിന്തുണച്ചവര്‍ രാഹുലിനെ കൈവിടുന്നു. ഇനിയും ചുമന്നാൽ എല്ലാവരും മുങ്ങുമെന്ന തിരിച്ചറിവിൽ പുറത്താക്കുന്നു. അസൂയാവഹമായ രാഷ്ട്രീയ വളർച്ച നേടിയ യുവ നേതാവിന്‍റെ വന്‍ വീഴ്ച സ്വന്തം ചെയ്തികളാൽ തന്നെ.



