പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടെ ഫ്ലാറ്റിലെ പ്രാധമിക പരിശോധന പൂർത്തീകരിച്ച് പ്രത്യേക അന്വേഷണ സംഘം. പരിശോധന പൂർത്തീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തി

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂർ മേട്ടിലെ പാലക്കാട്ടെ ഫ്ലാറ്റിലെ പ്രാഥമിക പരിശോധന പൂർത്തീകരിച്ച് പ്രത്യേക അന്വേഷണ സംഘം. സുരക്ഷാ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെതിരെ പരമാവധി തെളിവു ശേഖരിക്കുന്നതിനായാണ് ഇന്നലെ രാത്രി തന്നെ സംഘം പാലക്കാട് എത്തിയത്. പരിശോധന പൂർത്തീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ജില്ലയിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയാണ് നിലവില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടക്കുന്നത് എന്നാണ് വിവരം. അതേസമയം ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. 

കൂടാതെ, രാഹുൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതിക്കാരിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പൊലീസ് മഹസ്സർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമര്‍പ്പിച്ചിരുന്നു. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് കോടതിയിൽ നൽകിയത്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയതെന്നാണ് വിവരം. ബലാത്സംഗ നടന്നെന്ന് പറയുന്ന കാലഘട്ടത്തിൽ ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം.

കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടുവെന്ന് അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് തള്ളുകയാണ്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടുവെന്നാണ് പറയുന്നത്. രാഹുൽ ഒപ്പിട്ട മുൻകൂര്‍ ജാമ്യ ഹര്‍ജിയുടെ പകര്‍പ്പും പുറത്തുവന്നിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലുള്ള രാഹുലിനായി കഴിഞ്ഞ ദിവസങ്ങളിലായി അന്വേഷണം ഊര്‍ജിതമാണ്. രാഹുൽ എവിടെയാണെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. രാഹുലിനെ പിടികൂടാൻ നേരത്തെ പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കുലര്‍ ഇറക്കിയത്.

YouTube video player