കോൺഗ്രസിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കാൻ പത്മജ. മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടൻ കത്ത് നൽകില്ല. യുവനേതാക്കളുടെ എതിർപ്പുകൾ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം. കത്ത് കിട്ടിയ ശേഷം മാത്രം വിഷയം ചർച്ച ചെയ്യാൻ പാർട്ടി.

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്‍റെ കോൺഗ്രസ് പ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തം. ബിജെപിയിലായിരുന്നപ്പോൾ കോൺഗ്രസിനെതിരെ പറഞ്ഞതെല്ലാം തിരുത്തിപ്പറയണമെന്നാണ് ആവശ്യം. യുവ നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസിലേക്ക് തിരികെയെത്തുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് നേതൃത്വത്തെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് പത്മജ. മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടൻ കത്ത് നൽകില്ല. എതിർപ്പുകൾ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം. കത്ത് കിട്ടുന്ന മുറക്ക് ചർച്ച ചെയ്യാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. പാർട്ടിയിൽ തിരികെയെത്തിയാലും പദവികൾ നൽകുന്നത് വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേയുണ്ടാകു.

എതിര്‍പ്പ് തുടരുന്നു

പത്മജയുടെ കോൺഗ്രസിലേക്കുള്ള മടക്കത്തിനെതിരെ ഫേസ്ബുക്ക്‌ പോസ്റ്റുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. 'കോൺഗ്രസിനെ വഞ്ചിച്ചവരും ഒറ്റു കൊടുത്തവരും പാർട്ടിയിലേക്ക് തിരിച്ചു വരാനുള്ള തീവ്രശ്രമത്തിലാണ്. ചെങ്കൊടിയും താമരയും തേടിപ്പോയവർ അധികാരത്തിൻ്റെ തേൻ നുകരാൻ ശ്രമിച്ച വർഗ്ഗവഞ്ചകരാണ്. വർഗീയത പറഞ്ഞും നേതാക്കളെ ആക്ഷേപിച്ചും ഇവർ കോൺഗ്രസിനെ ആക്രമിച്ചു. ഇവരെ സ്വീകരിക്കാൻ ബൊക്കയുമായി കാത്തിരിക്കുന്നവർ ഒരു മോഹങ്ങളുമില്ലാതെ ഇത്രയും കാലം പാർട്ടിക്ക് വേണ്ടി ജീവൻ കൊടുത്ത സാധാരണ പ്രവർത്തകരെക്കൂടി ഓർക്കണം'. എന്നാണ് നിജേഷ് അരവിന്ദ് ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, ബിജെപി വിട്ടു എന്നതുകൊണ്ട് മാത്രം പത്മജ വേണുഗോപാലിനെ ഇകഴ്ത്തി പറയേണ്ട കാര്യമില്ലെന്ന് മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങൾ പത്മജയെ സ്വാധീനിച്ചിരിക്കാമെന്നും അവർ പറഞ്ഞു.