രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയേക്കാൾ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഷനാണ് മുൻഗണന എന്നാണ് വിവരം.

തിരുവനന്തപുരം: ലൈംഗിക ചൂഷണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിന് എതിരായ കോൺഗ്രസ് നടപടികളിൽ തീരുമാനം നാളെ. എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. വിഷയത്തില്‍ നാളെ രാവിലെ അന്തിമ തീരുമാനം എടുക്കും. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് അടിക്കടി ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദ്ദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ വയ്ക്കാനാണ് നീക്കം.

ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനുള്ള സാധ്യത മങ്ങി. രാജിക്ക് പകരം രാഹുലിനെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിനാണ് സംസ്ഥാന കോൺഗ്രസിൽ മുൻതൂക്കം. നേതാക്കളുടെ ചർച്ചയിലാണ് രാജി എന്ന കടുത്ത നിലപാട് സസ്പെൻഷനിലേക്ക് മാറുന്നത്. രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്നുള്ളത് തന്നെയാണ് പാർട്ടി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം. രണ്ട് ഉപതെരഞ്ഞെടുപ്പുകൾ അടുപ്പിച്ച് പാലക്കാട് അടിച്ചേൽപ്പിച്ചു എന്നുള്ള വിമർശനം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാഹുലിനെ സസ്പെൻഡ് ചെയ്യും, ഒപ്പം രാഹുലിന്റെ വാദം കേൾക്കാൻ പാർട്ടി ഒരു അന്വേഷണം വെക്കാനും സാധ്യതയുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടി ആകുമ്പോൾ, രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ നേരിടാൻ കഴിയും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അന്തിമ തീരുമാനം നാളെ രാവിലെ ഉണ്ടാകും എന്നാണ് സൂചന.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടുന്നത്. രാജിയില്ലെങ്കിൽ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കണം. പ്രതിസന്ധി കടന്ന് തിളങ്ങുന്ന പ്രതിച്ഛായയുമായി പാര്‍ട്ടി തിരികെ വരാൻ രാഹുലിന്‍റെ രാജി അനിവാര്യമെന്നാണ് നേതാക്കളുടെ അഭിപ്രായം. കൂടിയാലോചനകളിൽ പ്രധാന നേതാക്കളും രാജി കൊണ്ടേ രക്ഷയുള്ളൂവെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചു. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്.

ഇനിയും വെളിപ്പെടുത്തലുകള്‍ വന്നാൽ പാര്‍ട്ടിക്ക് കൂടുതൽ ക്ഷതമുണ്ടാകുമെന്നതിനാൽ രാജി ആവശ്യപ്പെടണമെന്ന് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷിയെയും സണ്ണി ജോസഫിനെയും അറിയിച്ചു. എത്രയും വേഗം രാജിവച്ചാൽ അത്രയും പാര്‍ട്ടിക്ക് നല്ലതെന്ന് അഭിപ്രായം മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചു. രാഹുൽ ഇനി ഒപ്പം വേണ്ടെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാവ് പക്ഷേ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വിഴുപ്പ് ചുമക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞ ജോസഫ് വാഴയ്ക്കൻ രാഹുലിനെതിരെ തുറന്നടിച്ചു.