തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയം ഉമ്മൻ ചാണ്ടിയുടേത് കൂടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയനെതിരെയും രാഹുൽ ഇന്നലെ വിമർശനമുന്നയിച്ചിരുന്നു. അതേ സമയം, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡ് ആരംഭിച്ചു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇന്നലെ 102 സീറ്റുകൾ ലഭിച്ച് അധികാരത്തിലേറുന്ന യുഡിഎഫിന്റേത് ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യന്റെ കൂടി വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ആ മനുഷ്യന്റെ ചോര ചീന്തിയവർക്ക് കാലം കരുതി വെച്ച മറുപടിയാണിതെന്നും രാഹുൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സാറെ നമ്മുടെ പാ‍‌ർട്ടി ജയിച്ചു വെന്ന് പറഞ്ഞാണ് രാഹുലിന്റെ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറിത്തുടങ്ങിയ ആദ്യ ഘട്ടത്തിലും രാഹുൽ മാങ്കൂട്ടത്തിൽ പിണറായി വിജയനെ പരിഹസിച്ച് പ്രതികരിച്ചിരുന്നു. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയൻ വോട്ടെണ്ണലിൽ ഏഴാം റൗണ്ടിലടക്കം പിന്നാക്കം നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു.

അതേ സമയം , കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.