തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വിജയ് മുഖ്യമന്ത്രിയാകുന്നത് കാലം എഴുതിയ കവിതയാണെന്നും, പതിനാറ് വർഷം മുൻപ് വിജയുടെ രാഷ്ട്രീയ പ്രവേശനം തടഞ്ഞവർക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ടി വി കെ പാർട്ടി അധ്യക്ഷൻ വിജയെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയും വിജയും ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ്, സംഘപരിവാറുകാരുടെ കണ്ണിൽ “ജോസഫ് വിജയ്” ഉയർന്ന് നിൽക്കുമ്പോൾ, അത് കാലം എഴുതിയ ഒരു കവിതയാണെന്ന് കുറിപ്പിൽ പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന അതിഥിയായി എത്തിയത് രാഷ്ട്രീയ ഔപചാരികതയല്ലെന്നും കാലം പൂർണ്ണവൃത്തം വരയ്ക്കുന്ന അപൂർവ നിമിഷമാണെന്നും രാഹുൽ എഴുതി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'അണ്ണാദുരൈയിലൂടെയും, പിന്നീട് എം.ജി.ആറിലൂടെയും, കലൈഞ്ജറിലൂടെയും, ജയലളിതയിലൂടെയും പല പതിറ്റാണ്ടുകളായി ദ്രാവിഡ രാഷ്ട്രീയം മാത്രം സംസാരിച്ചിരുന്ന തമിഴ്നാട് ഇന്ന് പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് തുടക്കം കുറിക്കുകയാണ്.
“ബ്രാൻഡ് അന്ത ബ്രാൻഡ് അഴിക്കല താനട നാൻ സ്പെഷ്യലിസ്റ്റ് ” എന്ന അഭ്രപാളിയിൽ പറഞ്ഞവൻ,
തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് , സംഘപരിവാറുകാരുടെ കണ്ണിൽ “ജോസഫ് വിജയ്” ഉയർന്ന് നിൽക്കുമ്പോൾ, അത് കാലം എഴുതിയ ഒരു കവിതയാണ്.
ആ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന അതിഥിയായി എത്തുന്നത് കേവലം ഒരു രാഷ്ട്രീയ ഔപചാരികതയല്ല;
കാലം പൂർണ്ണവൃത്തം വരയ്ക്കുന്ന അപൂർവ നിമിഷമാണ്.
2009-ലായിരിക്കണം, രാഹുൽ ഗാന്ധിയും വിജയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടന്നത്.
അന്ന് തമിഴ്നാട് കോൺഗ്രസിന്റെ യുവജന നേതൃത്വത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനായിരുന്നു വിജയിയുടെ ശ്രമം.
പക്ഷേ, രാഷ്ട്രീയത്തിന്റെ സ്ഥിരം രോഗമായ “ക്രാബ് മെന്റാലിറ്റി” അന്നും വഴിമുടക്കി.
“വിജയ് ഉയർന്നാൽ അത് എനിക്കും എന്റെ കുടുംബ രാഷ്ട്രീയത്തിനും വെല്ലുവിളിയാകും” എന്ന ഭയത്തിൽ, തമിഴ്നാട്ടിലെ ഒരു പ്രമുഖ നേതാവ് ആ വഴികൾ നിശ്ശബ്ദമായി അടച്ചുവെന്നാണ് രാഷ്ട്രീയ ഇടനാഴികളുടെ കഥ.
പക്ഷേ കാലം കണക്കുകൾ സൂക്ഷിക്കും.
ഇന്ന്, അതേ ജോസഫ് വിജയ്, രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ
പതിനാറ് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം തടഞ്ഞ ആ നേതാവ്, രാഷ്ട്രീയത്തിന്റെ വിസ്മൃതിയിൽ ഒരു അപ്രധാന സാന്നിധ്യമായി ചടങ്ങിന്റെ ഏതോ കോണിൽ ഇരിക്കുന്ന കാഴ്ച…
അതൊരു രാഷ്ട്രീയ ദൃശ്യം മാത്രമല്ല.
കാലം അതിന്റെ കൃത്യമായ കണക്ക് പറയുന്നതാണ്.
എം.ജി.ആറും ജയലളിതയും, വിജയകാന്തും ശരത്‌കുമാറും കമൽഹാസനും, ഉദയനിധി സ്റ്റാലിൻ വരെ നിറഞ്ഞുനിന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു രാഷ്ട്രീയ നേതാവായി കടന്നുവരുന്നത് അത്ര അത്ഭുതകരമായ കാര്യമല്ല. കാരണം, താരാരാധനയ്ക്ക് ഏറ്റവും വലിയ ഇടം നൽകിയ മണ്ണാണ് തമിഴ്നാട്.
തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് അമ്പലങ്ങൾ പണിത ജനങ്ങൾക്ക്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കും അവരെ പ്രതിഷ്ഠിക്കാൻ ഒരിക്കലും മടിയുണ്ടായിരുന്നില്ല.
പക്ഷേ വിജയ് കൂടുതൽ ജാഗ്രതയോടെ വളരേണ്ട നേതാവാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അധികാരം കൈവന്ന ആം ആദ്മി പാർട്ടി പിന്നീട് സ്വന്തം പ്രതീക്ഷകളുടെ ഭാരത്തിൽ തകർന്നുവീണത് പോലെ, രാഷ്ട്രീയ ചരിത്രത്തിലെ പല പാഠങ്ങളും അദ്ദേഹത്തിന് മുന്നിലുണ്ട്. ജനങ്ങൾ അതിവേഗം ഉയർത്തിയ നേതാക്കളെ, അതേ വേഗത്തിൽ മറന്നുകളഞ്ഞ കഥകളും ഇന്ത്യയുടെ രാഷ്ട്രീയത്തിൽ കുറവല്ല.
ഒരു പാർട്ടി രൂപീകരിച്ച് ഒരു വർഷം പിന്നിടും മുമ്പ് തന്നെ തമിഴ്നാട് പോലൊരു വലിയ സംസ്ഥാനത്തിന്റെ ഭരണചുമതല വിജയിയുടെ കൈകളിലെത്തുന്നത്, സ്റ്റാലിൻ എന്ന ഭരണാധികാരിയുടെ അഴിമതിയോടും സ്വജനപക്ഷപാതത്തോടുമുള്ള പ്രതിഷേധം മാത്രം കൊണ്ടല്ല. അതിലേറെ, വർഷങ്ങളായി അഴിമതിയിലും കുടുംബാധിപത്യത്തിലും മുങ്ങിക്കുളിച്ച രാഷ്ട്രീയ സങ്കൽപ്പങ്ങൾക്ക് എതിരായുള്ള ഒരു ജനവികാരത്തിന്റെ പൊട്ടിത്തെറിയാണ് അത്.
വിജയ് സിനിമകളിൽ പലവട്ടം ഒരു നാടിന്റെ രക്ഷകനായി വന്നിട്ടുണ്ട്. അവിശ്വസനീയമായ പല വിജയങ്ങളും തിരശ്ശീലയിൽ നേടിയിട്ടുണ്ട്. പക്ഷേ, സിനിമയിലെ വിജയങ്ങളേക്കാൾ അവിശ്വസനീയമാണ് ഈ ഒരു വർഷത്തിനിടെ അദ്ദേഹം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത ജനകീയ സ്വാധീനം.
തമിഴ് ജനത ഇന്ന് വിജയിയിൽ കാണുന്നത് ഒരു നടനെ മാത്രമല്ല പ്രാദേശികവാദത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയും, മാറിമാറി അധികാരത്തിലെത്തി അതേ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്ത രാഷ്ട്രീയ സംസ്കാരത്തിന് എതിരായ ഒരു പ്രതീക്ഷയുടെ കിരണമാണ്.
ആ അധികാരം വിജയിക്ക് ലഭിച്ചു കഴിഞ്ഞു.
ഇനി അതിനെ നിലനിർത്തുക എന്നതാണ് യഥാർത്ഥ പരീക്ഷ.
തിരശ്ശീലയിൽ രക്ഷകനാകുന്നത് എളുപ്പമാണ്.
പക്ഷേ ജനങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയായി തുടരുക
അതാണൊരു നേതാവിന്റെ ഏറ്റവും വലിയ വിജയം.
ആ വിജയത്തെ നിലനിർത്താൻ വിജയിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.'- രാഹുൽ മാങ്കൂട്ടത്തിൽ


