കെഎസ്ആർടിസിയുടെ ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതിയുടെ ആദ്യഘട്ടം 14 ബസുകളുടെ നവീകരണത്തോടെ പൂർത്തിയായി. പഴയ ബസുകൾ സാങ്കേതികമായി നവീകരിച്ച്, സുരക്ഷയും സൗകര്യവും വർധിപ്പിച്ച്, മലിനീകരണം കുറച്ച് വീണ്ടും നിരത്തിലിറക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്നതിനുമായി നടപ്പാക്കി വരുന്ന ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിൽ 14 ബസുകളാണ് റീഫർബിഷ്‌മെന്‍റ് പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്. കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാവുന്ന ബസുകളെ തിരഞ്ഞെടുക്കുകയും അവയുടെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തി കൂടുതൽ മികച്ച നിലയിലേക്ക് കൊണ്ടുവരികയുമാണ് റീഫർബിഷ്‌മെന്‍റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ BS3, BS4 കാറ്റഗറിയിൽ വരുന്ന ബസുകളെയാണ് റീഫർബിഷ് ചെയ്യുന്നത്. ബസുകളുടെ പുറംഭാഗത്തിന്‍റെയും അകത്തളത്തിന്‍റെയും മികവ് വർധിപ്പിക്കുന്നതിനൊപ്പം വാഹനങ്ങളുടെ മെക്കാനിക്കൽ ഘടകങ്ങൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റുകൾ, ലൈറ്റിംഗ്, ഫ്ലോർ, വിൻഡോകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച് ആവശ്യമായ നവീകരണവും അറ്റകുറ്റപ്പണികളും നടത്തുന്നു. റീഫർബിഷ്‌മെന്‍റ് പ്രവർത്തനങ്ങളുടെ ഭാഗമായി എഞ്ചിന്‍റെ പ്രവർത്തനനിലവാരവും പ്രത്യേകമായി പരിശോധിക്കുന്നു. പ്രകടനത്തിൽ കുറവ് കണ്ടെത്തുന്ന എഞ്ചിനുകൾ ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കി റീകണ്ടീഷനിംഗ് നടത്തുന്നു.

ഇത്തരത്തിൽ എഞ്ചിൻ റീകണ്ടീഷനിംഗ് നടത്തിയ ബസുകളിൽ നടത്തിയ പോല്യൂഷൻ പരിശോധനകളിൽ പൊല്യൂഷൻ ലെവലിൽ ഏകദേശം 80–85 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി പരിശോധനാ ഫലങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇത് വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറയ്ക്കുന്നതിനും സഹായകരമാണ്. ഇതിലൂടെ നിലവിലുള്ള ബസുകളുടെ ഉപയോഗകാലം ഫലപ്രദമായി വർധിപ്പിക്കാനും പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം നിലവിലുള്ള വാഹനശേഷി കൂടുതൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനും സാധിക്കും.

അതോടൊപ്പം, മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകളെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ കാലം സർവീസിൽ നിലനിർത്താനും സാധിക്കും. റീഫർബിഷ്‌മെന്‍റ് പൂർത്തിയാകുന്ന ബസുകൾ കൂടുതൽ ആകർഷകമായ രൂപത്തിലും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോടെയും സർവീസിനായി നിരത്തിലിറങ്ങുന്നതോടെ കെഎസ്ആർടിസിയുടെ യാത്രാസേവന നിലവാരം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീഫർബിഷ്‌മെന്‍റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ആദ്യഘട്ടത്തിലെ 14 ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം 2026 ആഗസ്റ്റ് 13 വ്യാഴാഴ്ച തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നടക്കും.

ഗതാഗത വകുപ്പ് മന്ത്രി ചടങ്ങിൽ ആദ്യഘട്ട റീഫർബിഷ്‌മെന്റ് പൂർത്തിയാക്കിയ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സർവീസിന് സമർപ്പിക്കും. കെഎസ്ആർടിസിയുടെ നിലവിലുള്ള വാഹനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി ബസ് ഫ്ലീറ്റിന്റെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷ, യാത്രാസൗകര്യം എന്നിവ ഉയർത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് റീഫർബിഷ്‌മെന്‍റ് പദ്ധതി. നിലവിലുള്ള വിഭവങ്ങളെ ശാസ്ത്രീയമായി പരമാവധി പ്രയോജനപ്പെടുത്തി മികച്ച പൊതുഗതാഗത സേവനം ഉറപ്പാക്കുന്നതിനുള്ള കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി കൂടുതൽ കരുത്തേകും.