'ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ' എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രാഹുലിന്‍റെ പരിഹാസം. 'ശ്രീ.പി.എം ശ്രിന്താബാദ്' എന്ന പരിഹാസം സി പി എമ്മിനെതിരെയും രാഹുൽ ഉന്നയിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള കേരളത്തിന്‍റെ തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രംഗത്ത്. 'ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ' എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രാഹുലിന്‍റെ പരിഹാസം. 'ശ്രീ.പി.എം ശ്രിന്താബാദ്' എന്ന പരിഹാസം സി പി എമ്മിനെതിരെയും രാഹുൽ ഉന്നയിച്ചു. നേരത്തെ യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനു ചുള്ളിയിലും അബിൻ വർക്കിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ഒരുവൻ സർവതും സ്വന്തമാക്കിയാലും അവൻ്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം' - എന്ന ചോദ്യമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിനു ചുള്ളിയിൽ ഉയർത്തിയത്.

ബിനു ചുള്ളിയിലിന്‍റെ കുറിപ്പ്

'ഒരുവൻ സർവതും സ്വന്തമാക്കിയാലും അവൻ്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം'

കേരളത്തിലെ സിപിഐയും അതിൻ്റെ യുവജന വിദ്യാർഥി സംഘടനകളായ എഐവൈഎഫും എഐഎസ്എഫും ഈ ബൈബിൾ വാചകത്തിൻ്റെ അർഥം ഇന്നെങ്കിലും മനസിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ. 'മുന്നണി മര്യാദ' എന്ന വാക്ക് പറഞ്ഞ് എത്ര കാലമായി ഇങ്ങനെ ഈ അപമാനം ഏറ്റുവാങ്ങുന്നു പ്രിയപ്പെട്ട സിപിഐ സഖാക്കളേ.

രാഷ്ട്രീയമായി ഒരുപാട് വിയോജിപ്പുകൾ സിപിഐയോടും അതിൻ്റെ പോഷക സംഘടനകളോടും യൂത്ത് കോൺഗ്രസിനുണ്ട്. അത് നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സംയുക്തമായൊരു സമരത്തിന് സിപിഐയുടെ യുവജന വിദ്യാർഥി സംഘടനകളെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. AlYF ൻ്റെയും AlSF ൻ്റെയും നേതാക്കൾ പി എം ശ്രീ പദ്ധതിക്കെതിരെ ഉയർത്തിയ എതിർപ്പിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസുമൊന്നിച്ച് സംയുക്ത സമരത്തിന് തയാറാകണം.

കേവലം മുന്നണി രാഷ്ട്രീയത്തിൻ്റെ കള്ളികളിൽ തളച്ചിടേണ്ട കാര്യമല്ലിത്. വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള ബിജെപി-സിപിഎം രാഷ്ട്രീയ അച്ചുതണ്ടിൻ്റെ അവിശുദ്ധ നീക്കത്തിനെതിരായ ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് ഈ വിഷയത്തിൽ കാലം ആവശ്യപ്പെടുന്നത്. അതുകൊണ്ട് എല്ലാ മറ്റ് രാഷ്ട്രീയ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പി എം ശ്രീ കരാറിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ AlYFനെയും AlSF നെയും യൂത്ത് കോൺഗ്രസ് ആത്മാർഥമായി സ്വാഗതം ചെയ്യുകയാണ്.

അബിൻ വർക്കിയുടെ കുറിപ്പ്

'കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയിൽ നിന്നും ജീർണ്ണതയുടെ അഴുകിയ വസ്ത്രങ്ങൾ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തൻ വസ്ത്രങ്ങൾ അണിയാൻ നിങ്ങൾ തയ്യാറാകണം' - വിജയൻ മാഷ്.

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്ന സി അച്യുതമേനോന്റെ പാർട്ടിക്ക്, നിലപാടുകളിലൂടെ സിപിഐയെ വാനോളം ഉയർത്തിയ സി കെ ചന്ദ്രപ്പന്റെ പാർട്ടിക്ക് , ആദർശത്തിലൂടെ പാർട്ടിയെ നയിച്ച വെളിയം ഭാർഗവന്റെ പാർട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോ?