വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുലിനെ കാണാൻ കോരിച്ചൊരിയുന്ന മഴക്കിടെയും ആയിരങ്ങളാണ് എത്തിയത്. ബിജെപിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയം പ്രതിരോധിക്കുന്ന യഥാർത്ഥ പ്രതിപക്ഷമായി കോൺഗ്രസുണ്ടാകുമെന്ന് രാഹുൽ. 

മുക്കം: വയനാട് മണ്ഡലത്തിൽ മൂന്ന് ദിവസമായി രാഹുൽ ഗാന്ധി നടത്തിയ പര്യടനം അവസാനിച്ചു. അവസാനദിവസമായ ഇന്ന് രാഹുൽ ഗാന്ധി കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടത്തിയ റോഡ് ഷോയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. മൂന്ന് ദിവസം മൂന്ന് ജില്ലകളിലായി 12 ഇടങ്ങളിലാണ് രാഹുൽ ഗാന്ധിയും കേരളത്തിലെ കോൺഗ്രസ് നേതാക്കളും ചേർന്ന് റോഡ് ഷോ നടത്തിയത്. ഇതിനിടെ വയനാട് മണ്ഡലത്തിന്‍റെ പ്രശ്നങ്ങൾ കേൾക്കാൻ പ്രത്യേക പ്രതിനിധി സംഘത്തെ വിളിച്ച് രാഹുൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. 

കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിൽ ആയിരുന്നു ഇന്ന് രാഹുൽഗാന്ധിയുടെ റോഡ് ഷോ. രാവിലെ ഈങ്ങാപ്പുഴയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്. 'ഞങ്ങളുടെ നേതാവ് താങ്കളാ'ണെന്ന് വിളിച്ചുപറയുന്ന പ്ലക്കാർഡുകളുമായി ജനങ്ങൾ. കോഴിക്കോട് മുക്കത്തായിരുന്നു അവസാന പരിപാടി. 

ശനിയാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായാണ് രാഹുൽ റോഡ് ഷോയ്ക്ക് എത്തിയത്. വാരാണസി എത്ര പ്രിയപ്പെട്ടതാണോ അത്രയും പ്രിയപ്പെട്ടതാണ് കേരളവുമെന്ന മോദിയുടെ പ്രസ്താവനയെ രാഹുൽ പരിഹസിച്ചു. വാരാണസിയെപ്പോലെ പ്രിയപ്പെട്ടതാണെന്ന് പറയും, പക്ഷേ മോദി കേരളത്തെ പരിഗണിക്കില്ലെന്ന് രാഹുൽ പറഞ്ഞു. ഇടത് ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചായ്‍വുകളുള്ള ജനതയാണ് കേരളത്തിലേത്. പക്ഷേ ഒരാവശ്യം വന്നാൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കും. ഇന്നലെ വയനാട്ടിലെ ഇടത് എംഎൽഎ എന്നെ വന്ന് കണ്ടതിൽ എനിക്ക് സന്തോഷമുണ്ടെന്നും ഇതിലൂടെ വയനാടിന്‍റെ വികസനപ്രശ്നങ്ങൾ നേരിട്ട് അറിയാൻ കഴിഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Scroll to load tweet…

ഇന്നലെ വയനാട്ടിൽ ആറിടത്തും വെള്ളിയാഴ്ച മലപ്പുറത്ത് നാലിടത്തും റോഡ് ഷോ നടത്തിയാണ് രാഹുൽ മടങ്ങുന്നത്. ഉച്ചക്ക് 1.40 ന് കരിപ്പൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി ദില്ലിക്ക് തിരിച്ചു.

ആദ്യമെത്തിയത് മലപ്പുറത്തേക്ക്

ജൂൺ 7-നാണ് രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുലിനെ സ്വീകരിക്കാനെത്തി. രണ്ടു മണിക്ക് കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ആദ്യം എത്തിയത് കാളികാവെന്ന മലയോരത്തേക്ക്. തിമർത്ത് പെയ്യുന്ന മഴയിലും ചോരാത്ത ആവേശത്തിൽ പ്രവർത്തകരെത്തി.

Read More:രാഹുല്‍ ഗാന്ധി കേരളത്തില്‍ ; കനത്ത മഴയിലും ഉജ്ജ്വല സ്വീകരണമൊരുക്കി മലപ്പുറം - ചിത്രങ്ങൾ കാണാം

കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്റിന് അകത്തും പുറത്തും ഉണ്ടാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ്. പിന്നെ ഒരു കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തി നിലമ്പൂരേക്ക്. വഴിയിൽ ചോക്കാട് കോൺഗ്രസ്സ് പ്രവർത്തകൻ ഉണ്ണികൃഷ്ണന്‍റെ കടയിൽ ചായ കുടി. ഉണ്ണിയപ്പവും മുറുക്കും കോഴിക്കോടൻ ഹൽവയും ആസ്വദിച്ച് കഴിച്ചു.

നിലമ്പൂരിൽ പ്രവർത്തകരെ ആഹ്വാനം ചെയ്ത രാഹുൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. രാത്രിയിലും എടവണ്ണയിലും അരീക്കോടും കുട്ടികളുമടക്കം ആയിരങ്ങൾ രാഹുലിനെ കാണാനെത്തി. 

Scroll to load tweet…

രണ്ടാം ദിനം കൂടിക്കാഴ്ചകൾ

രണ്ടാം ദിനം വയനാട്ടിലെ ജനകീയപ്രശ്നങ്ങൾ പഠിക്കാൻ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു രാഹുൽ ഗാന്ധി. രാത്രിയാത്ര നിരോധനം, കർഷക ആത്മഹത്യ, ജില്ലയിലേക്കൊരു റെയിൽവെ ലൈൻ എന്നിവ അടക്കം വയനാട്ടിലെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

ശനിയാഴ്ച രാവിലെ വയനാട് റസ്റ്റ് ഹൗസിൽ നിന്നും ഒൻപത് മണിയോടെയാണ് രാഹുൽ കൽപ്പറ്റയിൽ കളക്ടറേറ്റിലെ എം പി ഫെലിസിറ്റേഷൻ സെന്‍ററിൽ എത്തിയത്. വയനാട്ടിലെ വിവിധ ജനകീയ പ്രശ്നങ്ങൾ 20 പ്രതിനിധി സംഘങ്ങൾ രാഹുലിന് മുന്നിൽ അവതരിപ്പിച്ചു. പ്രശ്നങ്ങളെല്ലാം പാർലമെൻറിൽ അവതരിപ്പിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി.

രാഹുലിന്‍റെ പ്രതിനിധികൾ സ്ഥിരമായി കൽപ്പറ്റയിലെ എം പി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കെപിസിസിയുടെ മേൽന്നോട്ടവും ഉണ്ടാകും. കൽപ്പറ്റയിലെ സിപിഎം എംഎൽഎ സി കെ ശശീന്ദ്രൻ രാഹുലിനെ കാണാനെത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം കൽപ്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് ആദ്യ റോഡ് ഷോയ്ക്കായി രാഹുൽ എത്തി. ആയിരങ്ങൾ അഭിവാദ്യം അർപ്പിക്കാനെത്തി. കള്ളങ്ങൾ പ്രചരിപ്പിച്ചാണ് മോധി അധികാരത്തിലെത്തിയതെന്ന് രാഹുൽ ആരോപിച്ചു. വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് എന്നുമുണ്ടാകുമെന്നും പറഞ്ഞു. 

Scroll to load tweet…

കമ്പളക്കാട്, പനമരം, മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലും രാഹുലിന്‍റെ റോഡ് ഷോ നടന്നു. പുൽപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം നിർത്തി രാഹുൽ പതിവ് പോലെ ചൂട് ചായയും ഉള്ളിവടയും കഴിക്കാൻ കയറി. 

മൂന്നാം ദിവസം കോഴിക്കോട്ട്

ഈങ്ങാപ്പുഴ, മുക്കം എന്നിവിടങ്ങളിലായിരുന്നു രാഹുലിന്‍റെ അവസാനദിവസത്തെ പര്യടനം. 

Scroll to load tweet…

ദില്ലിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ നാൽപ്പത്തിയൊമ്പത് വർഷങ്ങൾ മുമ്പ് ചേർത്തു പിടിച്ച വിരലുകൾ ഒരിക്കൽക്കൂടി രാഹുൽ ചേർത്തു പിടിച്ചു. താൻ ജനിച്ച സമയത്ത് ആശുപത്രിയിൽ നഴ്‍സായിരുന്ന രാജമ്മ രാജപ്പനെ കാണാൻ വീണ്ടും കോൺഗ്രസ് അധ്യക്ഷനെത്തി. സ്നേഹത്തോടെ ചേർത്തു പിടിച്ചു. 

ഞായറാഴ്ച രാവിലെ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചാണ് രാഹുല്‍ ഗാന്ധി രാജമ്മയെ കണ്ടത്. രാഹുല്‍ ഗാന്ധിയെ കാണണമെന്ന ആഗ്രഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജമ്മ പറഞ്ഞിരുന്നു. രാജമ്മയുടെ ആഗ്രഹമറിഞ്ഞ രാഹുല്‍ ഗാന്ധി അവരെ കാണാമെന്ന് സമ്മതിക്കുകയായിരുന്നു.