നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി നാളെ കേരളത്തിലേക്ക് തിരിക്കും. നാളെ രാത്രി എട്ടരയോടെ ആസാമില്‍ നിന്നും രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തും. നാളെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
മറ്റന്നാള്‍ രാവിലെ ഹെലികോപ്റ്ററില്‍ കല്‍പറ്റയിലിറങ്ങാനാണ് സാധ്യത. കല്‍പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും റോഡ്ഷോയായി കളക്ട്രേറ്റിലെത്തിയായിരിക്കും പത്രിക നല്‍കുക. കാര്യങ്ങള്‍ ഏകോപിക്കുന്നതിനായി കെസിവേണുഗോപാലും രമേശ് ചെന്നിത്തലയും മുകള്‍ വാസ്നിക്കും രാത്രിയോടെ വയനാട്ടിലെത്തും. സഹോദരിയും ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും എന്നാണ് സൂചന.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കല്‍പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വയനാട് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വരവോടെ ഉണ്ടായ കോണ്‍ഗ്രസ് അനുകൂല തരംഗം പ്രതിരോധിക്കാന്‍ ഇടതുമുന്നണിയും എന്‍ഡിഎയും രംഗത്തിറങ്ങിയിട്ടുണ്ട്.
ഇന്ന് റോഡ് ഷോ നയിച്ച് വയനാട്ടിലെത്തിയ ബിഡിജെഎസ് നേതാവും സ്ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണപരിപടികള്‍ക്കായി വരും ദിവസങ്ങളില്‍ ബിജെപിയുടെ ദേശീയനേതാക്കള്‍ അടക്കമുള്ളവര്‍ എത്തിയേക്കും. അദ്ദേഹം നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രാഹുല്‍ ഗാന്ധിയുടെ വരവിനെ പ്രതിരോധിക്കാന്‍ ഇടതു ക്യാംപും ഒരുങ്ങുകയാണ് സിപിഎമ്മും സിപിഐയും ഇന്ന് പ്രാദേശിക നേതാക്കളുടെ യോഗം ചേര്‍ന്നു. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമാണ് യോഗത്തില്‍ പങ്കെടുത്തത്. രാഹുൽ ഗാന്ധി പത്രിക നൽകാനെത്തുമ്പോള്‍ കർശന സുരക്ഷയാണ് എസ്പിജി ഒരുക്കുന്നത്. എസ്പിജി എഐജി ഗുർമീത് ഡോറ്ജെയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ ക്യാംപ് ചെയ്യുകയാണ്. മാവോയിസ്റ്റ് ഭീഷണിയുടെപശ്ചാത്തലത്തിലാണ് കർശന സുരക്ഷ.
