ചെന്നൈ/കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമാതാക്കളിലൊരാളായ ജെയ്ൻ കൺസ്ട്രക്ഷൻസിന്‍റെ ചെന്നൈ ഓഫീസിൽ റെയ്ഡ്. വൈകിട്ടോടെയാണ് ക്രൈംബ്രാഞ്ച് എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈ ടി നഗറിലുള്ള ജെയ്ൻ കൺസ്ട്രക്ഷൻസിന്‍റെ ഓഫീസിലെത്തിയത്. ഇവരുടെ ഓഫീസിൽ നിന്ന് പണമിടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. 

കഴിഞ്ഞയാഴ്ച ജെയ്ൻ കൺസ്ട്രക്ഷൻസിന്‍റെ എംഡിയോട് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എംഡി എത്തിയില്ല. ഇതേത്തുടർന്നാണ് റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് ചെന്നൈയിലെത്തിയത്. 

56 ഫ്ലാറ്റുടമകൾക്ക് കൂടി ആദ്യ നഷ്ടപരിഹാരം

അതേസമയം, മരടിലെ 56 ഫ്ലാറ്റുടമകൾക്ക് കൂടി ആദ്യഘട്ട നഷ്ടപരിഹാരം ശുപാർശ ചെയ്ത് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി സർക്കാരിന് രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ, ഇതുവരെ നഷ്ടപരിഹാരത്തിന് ശുപാർശ ലഭിച്ചവരുടെ എണ്ണം 107 ആയി. കഴിഞ്ഞ തവണ 3 പേർക്കാണ് 25 ലക്ഷം രൂപ നൽകാൻ ശുപാർശ നൽകിയതെങ്കിൽ ഇത്തവണ ആറ് പേർക്കാണ് 25 ലക്ഷം രൂപ ലഭിക്കുക. വിലയാധാരത്തിലടക്കം ഫ്ലാറ്റിന്‍റെ മൂല്യം കുറച്ച് കാണിച്ചത് പലർക്കും വിനയായിട്ടുണ്ട്. ആദ്യഘട്ടത്തിലെ പരമാവധി നഷ്ടപരിഹാരമായ 25 ലക്ഷം എല്ലാവർക്കും കിട്ടാതെ പോയതിനും പ്രധാനകാരണങ്ങളിലൊന്ന് ഇത് തന്നെ.

അടുത്ത 85 ഫ്ലാറ്റുടമകളുടെ അപേക്ഷകൾ വരുന്ന ചൊവ്വാഴ്ച, അതായത് ഒക്ടോബർ 22-ാം തീയതി പരിഗണിക്കും. 

പഞ്ചായത്ത് യോഗത്തിന്‍റെ മിനിട്‍സിലും വിവാദം

ഇതിനിടെ മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ ഐക്യകണ്ഠേന തീരുമാനമെടുത്തതിനെ ചൊല്ലി പുതിയ വിവാദം കൊഴുക്കുകയാണ്. പ‌ഞ്ചായത്ത് യോഗത്തിൽ അത്തരം ഒരു തീരുമാനവുമുണ്ടായില്ലെന്നും മിനുട്സ് തിരുത്തിയതാണെന്നും ആരോപിച്ച്
കോൺഗ്രസ് രംഗത്തെത്തി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുൻ പ്രസിഡന്‍റുമായ കെ എ ദേവസിയാണ് മിനുട്സ് തിരുത്തിയതെന്നാണ് പരാതി. കോൺഗ്രസ്സിനൊപ്പം മുൻ സിപിഎം പ‌ഞ്ചായത്ത് അംഗവും ദേവസിക്കെതിരെ രംഗത്ത് വന്നു.

2006-ൽ ചേർ‍ന്ന മരട് പ‌ഞ്ചായത്ത് കമ്മിറ്റി യോഗത്തിലായിരുന്നു തീരദേശപരിപാലന നിയമത്തിലെ പ്രശ്നങ്ങൾ കാരണം ഫ്ലാറ്റ് നി‍ർമാണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഐക്യകണ്ഠേന തീരുമാമെടുക്കുന്നത്. നിയമം ലംഘിച്ച് മരടിൽ ഫ്ലാറ്റുകൾ ഉയരുന്നത് ഈ തീരുമാനത്തിന്  പിന്നാലെയാണ്. 

പ‌ഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് നിർമാണത്തിന് അനുമതി നൽകിയതെന്ന് അറസ്റ്റിലുള്ള മുൻ പ‌ഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.  ഇതോടെ മുൻ പ‌ഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഈ സാഹചര്യത്തിലാണ് അങ്ങനെ ഒരു തീരുമാനവും പ‌ഞ്ചായത്ത് യോഗത്തിൽ എടുത്തിട്ടില്ലെന്നും മിനുട്സ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ആയ ദേവസി തിരുത്തി തയ്യാറാക്കിയതാണെന്നും കോൺഗ്രസ് ആരോപിക്കുന്നത്.

കോൺഗ്രസ്സിനൊപ്പം ദേവസിയെ തള്ളി സിപിഎം മുൻ പഞ്ചായത്ത് അംഗവും രംഗത്ത് വന്നു. ഇത്തരമൊരു തീരുമാനം ഏകകണ്ഠേന എടുത്തതല്ലെന്നാണ് മുൻ സിപിഎം പഞ്ചായത്തംഗം പി ഡി രാജേഷ് പറയുന്നത്.

എന്നാൽ മിനിട്സ് തിരുത്തിയെന്ന ആരോപണം തള്ളുകയാണ് കെ എ ദേവസി. പക്ഷേ, സിപിഎം അംഗങ്ങൾ തന്നെ കൈവിട്ടതോടെ മരടിലെ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളിൽ കെ എ ദേവസി വരും ദിവസങ്ങളിൽ കൂടുതൽ വിശദീകരണം നൽകേണ്ടി വരും.