'കെ റെയില്‍ അടഞ്ഞ അധ്യായമല്ല, അടിയന്തര പ്രാധാന്യമുള്ള വിഷയം'; തുടര്‍ചര്‍ച്ച വേണമെന്ന് റെയില്‍വേ ബോര്‍ഡ്
റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നല്‍കിയിരുന്നു.ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്

തിരുവനന്തപുരം:സിൽവര്‍ ലൈൻ ചര്‍ച്ചകൾ വീണ്ടും സജീവമാക്കി റെയിൽവേ ബോര്‍ഡ് . പദ്ധതി രൂപരേഖയെ കുറിച്ച് കെ റെയിലുമായി തുടര്‍ ചര്‍ച്ചകൾ നടത്താനാണ് ദക്ഷിണ റെയിൽവേയോട് ഗതിശക്തി വിഭാഗം ആവശ്യപ്പെട്ടത്. അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന റെയിൽവെ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിനും പ്രതീക്ഷകൾ നൽകുന്നതാണ്.
തെക്കുവടക്ക് അതിവേഗ പാത സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. നിരന്തര ഉടക്കിനൊടുവിൽ ഇനി കേന്ദ്രം പറയട്ടെ എന്ന നിലപാടിൽ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ച് നിര്‍ത്തിയ പദ്ധതിക്കിപ്പോൾ പതിയെ പച്ചവെളിച്ചം തെളിയുകയാണ്. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് കെ-റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തി രൂപരേഖയുണ്ടാക്കി. ഇതിൽ വിശദപരിശോധന ആവശ്യപ്പെട്ട് ഗതിശക്തി വിഭാഗം ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം ഉൾപ്പെടുത്തി മറുപടിയും നൽകി. ഇതിന്‍റെ തുടര്‍ ചര്‍ച്ചകൾ കെ റെയിൽ കോര്‍പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രാധാന്യമുള്ള പദ്ധതിയെന്നും ഓര്‍മ്മിപ്പിച്ചാണ് റെയിൽവേ ബോര്‍ഡിന്‍റെ ഇടപെടൽ .
9 ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് സിൽവര്‍ ലൈനിന് വേണ്ടിവരുന്നത്. ഏഴ് ജില്ലകളിലായി കെട്ടിടങ്ങൾ നിൽക്കുന്ന 3.6 ഹെക്ടറും പദ്ധതി പരിധിയിലാണ്. നിലവിലെ സ്റ്റേഷനുകൾക്ക് സമീപത്തുകൂടെ കടന്ന് പോകുന്ന അതിവേഗ റെയിൽ രൂപരേഖയും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഗതിശക്തിവിഭാഗത്തിന്‍റെ കത്തിലെ പരാമര്‍ശത്തിൽ അടിയന്തര പ്രാധാന്യം എന്ന വാക്കിലാണ് നിലവിൽ അതിവേഗ പാതയുടെ പ്രതീക്ഷയത്രയും.