Asianet News MalayalamAsianet News Malayalam

K Rail : 'സിൽവർ ലൈൻ പദ്ധതിക്കുള്ളത് തത്വത്തിൽ അനുമതി മാത്രം'; ഡിപിആർ അപൂർണമെന്ന് റെയിൽവേ ബോർഡ്

സാമ്പത്തിക പ്രായോഗികത കൂടി പരിഗണിച്ചേ തുടർ നടപടിയുണ്ടാകൂയെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Railway board says silver line project have only principle approval
Author
Delhi, First Published Apr 9, 2022, 9:54 AM IST

ദില്ലി: സിൽവർ ലൈൻ പദ്ധതിക്ക് (Silver Line Project) തത്വത്തിൽ അനുമതി മാത്രമേയുള്ളൂവെന്നാവർത്തിച്ച് റെയിൽവേ ബോർഡ്. ഡിപിആർ അപൂർണമാണ്. ആവശ്യപ്പെട്ട കൂടുതൽ സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. സാമ്പത്തിക പ്രായോഗികത കൂടി പരിഗണിച്ചേ തുടർ നടപടിയുണ്ടാകൂയെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദേശം നൽകിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ ലഭ്യമാകുന്നതിൽ പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കെ റെയിൽ കല്ലിടലിനെതിരായ ഹർജികൾ ഹൈക്കോടതി ഇനി വേനലവധിയ്ക്ക് ശേഷം പരിഗണിക്കും.

സിൽവർ ലൈന്‍ പദ്ധതിയിൽ സർക്കാരിനോട് ഹൈക്കോടതി നേരത്തെ വ്യക്തത തേടിയിരുന്നു. നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സിൽവർലൈൻ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താൻ  കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടോ, സർവ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സർവ്വേസ് ആന്‍റ് ബൗണ്ടറീസ് ആക്ടിൽ  വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിർദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ജനത്തെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്നം. ഇത്തരം കല്ലുകൾ കണ്ടാൽ ഭൂമിയ്ക്ക് ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു.

Also Read:  'സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ'? സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

    സിൽവർലൈൻ: സിപിഎമ്മിൽ ഭിന്നതയില്ലെന്ന് യെച്ചൂരി

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയർത്തരുതെന്നും ആവശ്യപ്പെട്ടു. 

സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും വിശദീകരിച്ചു. പദ്ധതിയിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയില്ലെന്നാവർത്തിച്ച അദ്ദേഹം പിണറായി വിജയനും സീതാറാം യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നതെന്നും കൂട്ടിച്ചേർത്തു. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനത്തിൽ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികൾക്ക് യോജിപ്പാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ബിജെപി ശ്രമം നടക്കുന്നു. അത് എതിർക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇക്കാര്യത്തിൽ ആരെല്ലാം എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നതാണ് പ്രാധാന്യമർഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് സഖ്യം അവർ തീരുമാനിക്കേണ്ട വിഷയമാണെന്നും എസ്ആർപി പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios