കൊച്ചി: ട്രാക്കിലൂടെ നടക്കുന്നതിനെതിരെ ബോധവത്കരണവുമായി റെയിൽവേ. എറണാകുളം സൗത്ത് സ്‍റ്റേഷനിലെ ആർപിഎഫ് ഉദ്യോഗസ്ഥരാണ് ട്രാക്കിലൂടെ നടന്ന യാത്രക്കാർക്ക് ഉപദേശവുമായെത്തിയത്. തിരക്കുളള സ്റ്റേഷനുകളിലടക്കം ട്രാക്കിലൂടെ നടന്ന് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‍സിന്‍റെ നടപടി. 

അപകടകരമായ രീതിയിൽ പാളത്തിലൂടെ നടക്കുന്നതും ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതുമൊക്കെ കുറ്റകരമാണെന്നാണ് നിയമം. ഇതൊന്നും യാത്രക്കാർ ശ്രദ്ധിക്കാത്ത സാഹചര്യത്തിലാണ് ഉപദേശിച്ച് നന്നാക്കാൻ ആർപിഎഫ് തീരുമാനിച്ചത്. സൗത്ത് റെയിൽവേ സ്‍റ്റേഷനിലെ ട്രാക്കിലൂടെ അപകടകരമായ രീതിയിൽ നടന്നവരെയാണ് വിളിച്ചുവരുത്തി ബോധവൽകരണം നടത്തിയത്. ഇത്തരത്തിൽ ഇനിയും ആവർത്തിച്ചാൽ നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. 

കഴിഞ്ഞ വർഷം തിരുവനന്തപുരം ഡിവിഷനിൽ 267 പേരാണ് ട്രാക്കിൽ മരണപ്പെട്ടത്. ഈ വർഷം ജൂൺ വരെ 168 പേർ മരിച്ചു. അപകടത്തിൽപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് ആർപിഎഫ് ബോധവത്കരണത്തിന് പുതിയ മാർഗ്ഗങ്ങൾ തേടുന്നത്. വരും ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളിലും സമാന ബോധവത്കരണ പരിപാടി നടത്തും.