ട്രെയിനിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ ഇനിമുതൽ സതേൺ റെയിൽവേ പിഴ ഈടാക്കും. 1,000 രൂപ പിഴയും കോച്ചുകളിൽ നിന്ന് പുറത്താക്കലുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ 6 മാസം വരെ തടവും 5,000 രൂപ വരെ പിഴയും ലഭിച്ചേക്കാം.

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും ഉച്ചത്തിലുള്ള സംസാരവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ട്രെയിൻ യാത്രയിലാണ് പലപ്പോഴും ഇത് വലിയ പ്രശ്നമായി മാറുന്നത്. മൊബൈൽ ഫോണുകളിൽ സ്പീക്കർ മോഡിൽ പാട്ടുകൾ വെയ്ക്കുന്നതും വീഡിയോകൾ കാണുന്നതും കാരണം ബുദ്ധിമുട്ടുന്ന റയിൽവേ യാത്രക്കാർക്ക് ആശ്വാസമേകുന്ന തീരുമാനമെടുത്തിരിക്കുകയാണ് സതേൺ റെയിൽവേ. ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിൻ കോച്ചുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിൽ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും.ഇത് സംബന്ധിച്ച് സതേൺ റെയിൽവേ ഉത്തരവിറക്കി. മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും. മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ തടയാൻ മറ്റ് റെയിൽവേ സോണുകൾക്കും മെട്രോ സർവീസുകൾക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമപ്രകാരം മെട്രോ റെയിലുകളിൽ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളിൽ നിന്ന് പുറത്താക്കാനും സാധിക്കും.