പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് റെയിൽവേ പൊലീസിന്റെ എഫ്ഐആറിലുള്ളത്. 

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ റെയിൽവേ പൊലീസ് കേസെടുത്തു. അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ കതിരൂര്‍ സ്വദേശി അനിൽകുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് റെയിൽവേ പൊലീസിന്റെ എഫ്ഐആറിലുള്ളത്. 

ട്രെയിനിലെ അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കണ്ണൂർ കതിരൂര്‍ സ്വദേശി അനിൽകുമാറിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 35 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളുടെ കഴുത്തിലുണ്ടായ പൊള്ളലാണ് ഗുരുതരം. ഭാര്യക്കും കുട്ടിക്കും ആക്രമണത്തിൽ പൊളളലേറ്റിരുന്നുവെന്നും ഇവരുടെ സ്ഥിതി ഗുരുതരമായിരുന്നില്ല. അതേ സമയം മെഡിക്കൽ കോളേജിലെ ബേണ്‍ ഐസിയുവിലുള്ള അദ്വൈതിന്‍റെയും അശ്വതിയുടെയും ആരോഗ്യ നില മെച്ചപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരടക്കം എട്ടു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

അതേ സമയം, ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

YouTube video player

YouTube video player