ഡിപിആറിന് അനുമതി നല്‍കാത്തതിനാല്‍ ഭൂമി ഏറ്റെുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ലെന്നും കേന്ദ്രം

ദില്ലി: കെ റെയില്‍ (K Rail) പദ്ധതിയില്‍ ഹൈക്കോടതിയില്‍ (High Court) കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. ഡിപിആര്‍ ഉള്‍പ്പടെയുള്ള പ്രാഥമിക നടപടികള്‍ക്ക് മാത്രമായിരിക്കും തത്വത്തിലുള്ള അനുമതി. ഡിപിആറിന് ഇപ്പോഴും അനുമതി നല്‍കിയിട്ടില്ലെന്നും റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലാണെന്നും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു. ഡിപിആറിന് അനുമതി നല്‍കാത്തതിനാല്‍ ഭൂമി ഏറ്റെുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധമുയരുമ്പോഴാണ് സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് കേന്ദ്രവും എത്തുന്നത്. അന്തിമ ലൊക്കേഷന്‍ സര്‍വ്വേ നടത്താതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ വ്യക്തമാക്കി. വിശദമായ ലാന്‍ഡ് പ്ലാനും വേണം. ഗുരുതരമായ സാങ്കേതിക പിഴവുകള്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസഹമന്ത്രി വി മുരളീധന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ മന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രതികരണം. കേരളത്തിന്‍റെ പരിസ്ഥിതിയേയും, സമ്പദ് വ്യവസ്ഥയേയും ഗുരുതരമായി ബാധിക്കുന്ന പദ്ധതി സര്‍ക്കാര്‍ ഖജനാവ് കാലിയാക്കുമെന്നും ബിജെപി സംഘം മന്ത്രിയോട് പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ അനുയോജ്യമായ സമയമല്ലെന്ന് മന്ത്രിക്ക് ബോധ്യപ്പെട്ടെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു.